Thursday, October 15, 2026
HomeNewsഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കെടുത്തു: രാജ്യം വിട്ടുപോകാൻ നിർദേശം നൽകി നോട്ടീസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കെടുത്തു: രാജ്യം വിട്ടുപോകാൻ നിർദേശം നൽകി നോട്ടീസ് നൽകിയതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ നടൻ ഇമ്രാൻ ഖാൻ

രാജ്യം വിട്ടുപോകാൻ നിർദേശം നൽകി നോട്ടീസ് ലഭിച്ചതിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ. ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുള്ളവർക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് നിയമപരമായ വിലക്കില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ പങ്കെടുത്തിരുന്നു. യുഎസ് പാസ്‌പോർട്ട് കൈവശമുള്ളയാളാണ് ഇമ്രാനെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിനിടെ മുംബൈ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇന്ത്യൻ പൗരനല്ലാത്തയാൾ പ്രതിഷേധത്തിൽ പങ്കെടുത്തെന്ന ആരോപണത്തിൽ ഇമിഗ്രേഷൻ നിയമത്തിലെ 29, 7 വകുപ്പുകൾ പ്രകാരം ഇമ്രാനെതിരെ നടപടികൾ ആരംഭിച്ചതായാണ് വിവരം. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് വാനിലിരിക്കുന്ന ചിത്രം ഇമ്രാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. “എന്നെ ഒരു യാത്രയ്ക്ക് കൊണ്ടുപോകുകയാണെന്ന് തോന്നുന്നു” എന്നായിരുന്നു കുറിപ്പ്. മുംബൈയിലെ ഒരു പൗരനെന്ന നിലയിലാണ് പ്രതിഷേധസ്ഥലത്തെത്തിയതെന്നും പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിക്കാനല്ല എത്തിയതെന്നും ഇമ്രാൻ മാധ്യമങ്ങളോട് പറഞ്ഞു.

സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെയും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇമ്രാനെ പിന്തുണച്ച് സിജെപി പ്രവർത്തകൻ അഭിജിത് ദിപ്കെയും രംഗത്തെത്തി. “അമേരിക്കക്കാരിയായ മേരി മിൽബെൻ ബിജെപിക്ക് അനുകൂലമായി സംസാരിക്കാം. എന്നാൽ ഒസിഐ കാർഡുള്ള ഇമ്രാന് ബിജെപിക്കെതിരെ ഒന്നും പറയാൻ കഴിയില്ലേ?” എന്നായിരുന്നു ദിപ്കെയുടെ എക്സിലെ കുറിപ്പ്.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇമ്രാനെ ഉടൻ അറസ്റ്റ് ചെയ്ത് നാടുകടത്തണമെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ ആവശ്യപ്പെട്ടു. ഒസിഐ വ്യവസ്ഥകളും വിസ നിബന്ധനകളും ലംഘിച്ചെന്നാണ് ആരോപണം. പ്രതിഷേധത്തിനിടെ ഇമ്രാൻ നടത്തിയ പ്രസംഗങ്ങളുടെയും നേരത്തേ നടത്തിയ പരാമർശങ്ങളുടെയും തെളിവുകൾ പൊലീസിന് കൈമാറിയതായി സോമയ്യ പറഞ്ഞു. നിയമവിരുദ്ധമായ രാഷ്ട്രീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഒസിഐ പദവി ദുരുപയോഗം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

ഇമ്രാന്റെ നടപടികളെ “രാഷ്ട്രീയ തീവ്രവാദം” എന്ന് വിശേഷിപ്പിച്ച സോമയ്യ, അമേരിക്കൻ പൗരനായ നടൻ ഒസിഐ കാർഡിന്റെ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തതായും ആരോപിച്ചു. സംഭവത്തിൽ പൊലീസ് ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments