ന്യൂഡൽഹി: 2026 ലെ വൈദ്യശാസ്ത്ര നൊബേൽ പ്രൈസ് പ്രഖ്യാപിച്ചു. മസ്തിഷ്ക രഹസ്യങ്ങൾ പുറത്തെടുത്ത കണ്ടുപിടിത്തത്തിനാണ് അമേരിക്കക്കാരൻ കാൾ ഡെയ്‌സെറോത്ത്, ജർമ്മൻകാരായ പീറ്റർ ഹെഗമാൻ, ജോർജ് നാഗൽ എന്നിവരെ ബഹുമതിക്ക് തിരഞ്ഞെടുത്തത്. പ്രകാശനിയന്ത്രിത അയോൺ ചാനലുകളെക്കുറിച്ചും (light-gated ion channels), ജീവനുള്ള മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനങ്ങളെ പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഒപ്റ്റോജെനെറ്റിക്സ് (optogenetics) എന്ന സാങ്കേതികവിദ്യയെക്കുറിച്ചുമുള്ള കണ്ടെത്തലുകളുമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. മസ്തിഷ്കത്തിന്റെ നിഗൂഢതകൾ ചുരുളഴിക്കാൻ സഹായിക്കുന്നതാണ് ഈ ഗവേഷണം.
പ്രകാശത്തിന്റെ സഹായത്തോടെ പ്രത്യേക കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുമെന്നായിരുന്നു ഇവരുടെ കണ്ടുപിടിത്തം. ഇത് സയൻസിനെ മാറ്റിമറിക്കുകയും മസ്തിഷ്കവും നാഡീവ്യൂഹവും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കുന്നതിന് പുതിയ വഴികൾ തുറക്കുകയും ചെയ്തു.മനുഷ്യന്റെ ഓർമ്മകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ തലച്ചോറിലെ ഏതൊക്കെ നാഡീവ്യൂഹങ്ങളാണ് നിയന്ത്രിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇത് ഗവേഷകരെ സഹായിക്കും. പാർക്കിൻസൺസ്, അൽഷിമേഴ്സ്, വിഷാദരോഗം തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുടെ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിൽ വലിയ മുന്നേറ്റമാണിത്.
മസ്തിഷ്ക പഠനങ്ങളിൽ പുതിയൊരു യുഗത്തിന് തറക്കല്ലിട്ട ഗവേഷകരാണ് ഇവർ എന്ന് നൊബേൽ സമിതി വിലയിരുത്തി. ഒരിക്കൽ നമുക്ക് സ്വപ്നം കാണാൻ മാത്രം സാധിച്ചിരുന്ന രീതിയിൽ മസ്തിഷ്ക മാപ്പിങ് നടത്തുന്നതിനുള്ള അപാരമായ സാധ്യതകളാണ് ഒപ്റ്റോജെനെറ്റിക്സ് തുറന്നുനൽകുന്നതെന്ന് നോബൽ സമിതി ചെയർമാൻ പെർ സ്വെനിംഗ്സൺ അഭിപ്രായപ്പെട്ടു.

