ലൊസാഞ്ചലസ് : തായ്‌വാൻ പ്രസിഡന്റിന്റെ മകനെയും കുടുംബത്തെയും ലക്ഷ്യമിട്ട് ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ ചൈനീസ് യുവതി അറസ്റ്റിൽ. കലിഫോർണിയയിലെ ഇർവിൻ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഏജന്റായ വാനിയിങ് ഹീതർ ഷാങ് (34) ഞായറാഴ്ച ഷാങ്ഹായിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുൻപാണ് ഫെഡറൽ ഏജന്റുമാരുടെ പിടിയിലായത്.
തായ്‌വാൻ പ്രസിഡന്റിന്റെ കുടുംബം താമസിക്കുന്ന വീടിന്റെ ചിത്രം പകർത്താനായി യുവതിയും അജ്ഞാത കൂട്ടാളിയും വാഷിങ്ടനിലെ സിയാറ്റിലേക്ക് 2025 സെപ്റ്റംബറിൽ പോയതായി കണ്ടെത്തിയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചൈനയ്ക്ക് ആവശ്യമുള്ള സാഹചര്യങ്ങളിൽ തായ്‌വാനു മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ഉന്നത നേതാക്കളുടെ വസതിയും കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങളും ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തായ്‌വാൻ പ്രസിഡന്റ് ചിങ്-തെ ലായുടെ മകൻ ടിങ്-യു ലൈ ആയിരുന്നു ചാരവനിത ലക്ഷ്യമിട്ടിരുന്നത്. ഇലക്ട്രോണിക്സ് കമ്പനിയായ ഫിലിപ്സിൽ ജോലി ചെയ്യുകയാണ് ടിങ്-യു ലൈ. ഭാര്യയ്ക്കും മകനുമൊപ്പമാണ് ടിങ് യുഎസിൽ താമസിക്കുന്നത്. അയൽവാസിയുടെ സെക്യൂരിറ്റി ക്യാമറ ഫൂട്ടേജിൽ നിന്നാണ് യുവതി ടിങ്-യുവിന്റെ വീട് നിരീക്ഷിക്കുന്നതായുള്ള ദൃശ്യങ്ങൾ ലഭിച്ചത്.
‘ടിങ്-യു ലൈയെ കണ്ടു. ചെറുപ്പമാണ്’– യുവതി ചൈനീസ് സർക്കാർ ഹാൻഡ്‌ലർക്ക് അയച്ചതായി കണ്ടെത്തിയ സന്ദേശങ്ങളിലൊന്നിതാണ്. ചൈനീസ് സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന രണ്ട് പേരുമായി യുവതി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നുവെന്ന് നിലവിലെ റിപ്പോർട്ടുകൾ. യുവതിയെ ലൊസാഞ്ചലസിലെ ഫെഡറൽ കോടതിയിൽ തിങ്കളാഴ്ച ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നു.

