Saturday, October 3, 2026
HomeNewsഎസ്.ഐ.ആർ പരിശോധിക്കാൻ മുൻ സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി കമ്മീഷൻ: മുൻ സുപ്രീം കോടതി ജഡ്ജി...

എസ്.ഐ.ആർ പരിശോധിക്കാൻ മുൻ സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി കമ്മീഷൻ: മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ.ബി. ലോകൂർ അധ്യക്ഷൻ

ന്യൂഡൽഹി : വോട്ടർപട്ടികയിലെ എസ്.ഐ.ആർ നടപടിയുടെ ഭരണഘടനാ സാധുത, നടപടിക്രമം, വോട്ടർമാരിലുണ്ടാക്കുന്ന സ്വാധീനം എന്നിവ പരിശോധിക്കാൻ മുൻ സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി സ്വതന്ത്ര കമ്മീഷന് രൂപം നൽകി ലോയേഴ്‌സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ.ബി. ലോകൂർ അധ്യക്ഷനായ അഞ്ചംഗ കമ്മീഷനാണ് രൂപീകരിച്ചത്.മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. പട്‌നായിക്, മുൻ ജമ്മു കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് ബദർ ദുറെസ് അഹമ്മദ്, മുൻ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് രേഖ ശർമ, മുൻ പട്‌ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

എസ്.ഐ.ആറിന്റെ രൂപകൽപ്പന, നടപ്പാക്കൽ രീതി, അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് പൗരന്മാർ ഉന്നയിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന് രൂപം നൽകിയതെന്ന് അസോസിയേഷൻ അറിയിച്ചു. അർഹരായ എല്ലാ പൗരന്മാരുടെയും പേരുകൾ വോട്ടർപട്ടികയിൽ തുടരുന്നുണ്ടോ, അർഹതയില്ലാത്തവരുടെ പേരുകൾ നടപടിക്രമങ്ങൾ പാലിച്ച് നീക്കം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പരിശോധിക്കും.

എസ്.ഐ.ആറിന്റെ ഭരണഘടനാപരവും നിയമപരവുമായ സാധുത, സ്വീകരിച്ച നടപടിക്രമങ്ങൾ, അർഹരായ വോട്ടർമാരിൽ ഉണ്ടായേക്കാവുന്ന സ്വാധീനം എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന മേഖലകൾ. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുയോഗങ്ങളും തെളിവെടുപ്പുകളും സംഘടിപ്പിക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. പൂർണ ബെഞ്ചുകൾക്കും പ്രാദേശിക ബെഞ്ചുകൾക്കും കീഴിലായിരിക്കും ഈ ഹിയറിങ്ങുകൾ നടക്കുക.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നേരിട്ട് ബാധിക്കപ്പെട്ട പൗരന്മാർ, സിവിൽ സൊസൈറ്റി സംഘടനകൾ, വിദഗ്ധർ തുടങ്ങിയവരിൽ നിന്ന് കമ്മീഷൻ മൊഴികളും വിവരങ്ങളും ശേഖരിക്കും. ഇതിലൂടെ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പ്രായോഗിക പ്രത്യാഘാതങ്ങൾ നേരിട്ട് മനസ്സിലാക്കാനാണ് ലക്ഷ്യമിടുന്നത്.അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക റിസർച്ച് വിങ്ങിനും രൂപം നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം വോട്ടർപട്ടികയിൽ ചേർത്തതും നീക്കം ചെയ്തതുമായ പേരുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിച്ച് കമ്മീഷന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കുകയാണ് ഈ വിഭാഗത്തിന്റെ ചുമതല.

ഇതിന് പുറമെ ലീഗൽ സപ്പോർട്ട് ടീമും പ്രവർത്തിക്കും. എസ്.ഐ.ആറുമായി ബന്ധപ്പെട്ട നിയമങ്ങൾ, വിജ്ഞാപനങ്ങൾ, പരിശോധനാ നടപടിക്രമങ്ങൾ എന്നിവ പരിശോധിച്ച് ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതും ഈ സംഘം പരിശോധിക്കും.മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ചന്ദർ ഉദയ് സിങ്, പ്രശാന്തോ ചന്ദ്ര സെൻ, രാജു രാമചന്ദ്രൻ എന്നിവരും അഭിഭാഷകരായ റബേക്ക മാമ്മൻ ജോൺ, വാരിഷ ഫറാസത്ത്, വൃന്ദ ഗ്രോവർഎന്നിവരും കമ്മീഷന് നിയമസഹായം നൽകും.അതേസമയം, കമ്മീഷന്റെ കണ്ടെത്തലുകൾക്കും ശുപാർശകൾക്കും അന്തിമ ഉത്തരവാദിത്തം മുൻ ജഡ്ജിമാർ ഉൾപ്പെട്ട കമ്മീഷനിൽ തന്നെയായിരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. കമ്മീഷനെ രൂപീകരിച്ച സംഘടനക്കോ പിന്തുണക്കുന്ന സമിതികൾക്കോ അന്വേഷണത്തിന്റെ അടിസ്ഥാനപരമായ തീരുമാനങ്ങളിലോ കണ്ടെത്തലുകളിലോ ഇടപെടാനാകില്ലെന്നും സംഘടന അറിയിച്ചു. 2026 ഡിസംബറോടെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് പൊതുജനങ്ങൾക്ക് പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്റെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments