വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ. സൈനികരെ അയച്ചതിനും യുദ്ധം മൂലമുണ്ടായ വിലവർധനയ്ക്കും കാരണം ഡോണൾഡ് ട്രംപാണെന്നാണ് വിമർശനം. സൈനികരുടെ മരണസംഖ്യ മറച്ചുവെക്കുന്നത് ട്രംപ് തുടരുകയാണെന്നും. ഇറാനിൽ ട്രംപ് തിരഞ്ഞെടുത്ത നിയമവിരുദ്ധ യുദ്ധത്തിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കുകയാണെന്നുമാണ് യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളൻ്റെ വിമർശനം. യുദ്ധത്തിനുള്ള ധനസഹായം അമേരിക്കൻ കോൺഗ്രസ് തടയണമെന്നും സെനറ്റ് വിദേശകാര്യ സമിതി അംഗമായ വാൻ ഹോളൻ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശകാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫിയും ഇറാനെതിരായ യുദ്ധത്തെ വിമർശിച്ച് രംഗത്ത് വന്നു. ദുരന്തമായി മാറിയ കാര്യക്ഷമതയില്ലാതെ കൈകാര്യം ചെയ്ത ഇറാൻ യുദ്ധം വൻതോതിലുള്ള ചെലവാണ് സൃഷ്ടിക്കുന്നതെന്നാണ് മർഫിയുടെ വിമർശനം. ഇന്ധനവിലയിലാണ് ഇതിന്റെ പ്രതിഫലം ഏറ്റവും വ്യക്തമായി കാണുന്നത്. എന്നാൽ ഡീസൽ വിലയിലുണ്ടായ വർധനയും ഏറെ ആശങ്കാജനകമാണ്. യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം ഇരട്ടിയായ ഡീസൽ വില എല്ലാത്തിന്റെയും ചെലവ് ഉയർത്തുകയാണ് എന്നായിരുന്നു മർഫി എക്‌സിൽ കുറിച്ചത്.

