Saturday, October 3, 2026
HomeNewsഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറെ വീഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറെ വീഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമണത്തിൽ നിന്നും വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിതുമായി പ്രധാനമന്ത്രി 10 മിനിറ്റോളം സംസാരിച്ചു. ക്യാപ്റ്റന്റെ ധീരതയും സമയോചിതമായ ഇടപെടലുമാണ് 170-ഓളം യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“നിങ്ങൾക്ക് ഇത്രയും ഗുരുതരമായ പരിക്കേറ്റിട്ടും, മരണത്തോട് പോരാടുമ്പോഴും സ്വന്തം ജീവനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചില്ല. മറിച്ച് എല്ലാ യാത്രക്കാരുടെയും ജീവനായിരുന്നു നിങ്ങൾക്ക് വലുത്. നിങ്ങൾ വലിയൊരു ദൗത്യമാണ് പൂർത്തിയാക്കിയത്. ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ നിങ്ങളെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നു. നിങ്ങൾ കാരണം 140 കോടി ഇന്ത്യക്കാർക്ക് ഇന്ന് അഭിമാനം തോന്നുന്നു. വിമാനം തകരുന്ന അവസ്ഥയിലേക്ക് പോയിരുന്നുവെങ്കിൽ ഇന്ത്യൻ പൈലറ്റുമാർക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യയും ഇവിടുത്തെ പൈലറ്റുമാരും എന്തിലൂടെയൊക്കെ കടന്നുപോകേണ്ടി വരുമായിരുന്നു എന്ന് ആർക്കറിയാം. നിങ്ങൾ എല്ലാവരെയും രക്ഷിച്ചു, വളരെ വലിയൊരു കാര്യമാണ് ചെയ്തത്,” മോദി പറഞ്ഞു.

കോക്പിറ്റിലെ ആ ഭീകര നിമിഷങ്ങൾ പ്രധാനമന്ത്രിയോട് സംസാരിക്കവെ വിമാനത്തിനുള്ളിൽ നടന്ന ഭീകരമായ സംഭവങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് വികാരാധീനനായി. ഗുജറാത്ത് സ്വദേശിയായ അദ്ദേഹം മുംബൈയിൽ നിന്നുമാണ് അടുത്തിടെ ദുബായിലേക്ക് മാറിയത്.“എനിക്ക് ഒരുപാട് മുറിവുകളുണ്ടായിരുന്നു, ഞാൻ താഴെ വീണുപോയി. ഞാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ എല്ലാവരും മരിക്കുമെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ടായി.

17 വർഷമായി ഞാൻ വിമാനം പറത്തുന്നു. കണ്ണുകൾ അടച്ചാൽ പോലും വിമാനത്തിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകും. താഴെ വീണുകിടന്നപ്പോൾ വിമാനം കുത്തനെ താഴേക്ക് പതിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ എങ്ങനെയോ പണിപ്പെട്ട് കോക്പിറ്റിന്റെ വാതിൽ തുറന്നു. അതിനുശേഷമാണ് യാത്രക്കാരും ജീവനക്കാരും രക്ഷാപ്രവർത്തനത്തിനെത്തിയത്. മറ്റെല്ലാവരും ഇതിൽ തുല്യ പങ്കുവഹിച്ചു. എനിക്ക് മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലായിരുന്നു,” കരച്ചിലടക്കാനാവാതെ ക്യാപ്റ്റൻ പറഞ്ഞു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനം പറന്നുയർന്നതിന് ശേഷം ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിതിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. വെറും 30 സെക്കൻഡിനുള്ളിൽ ബോയിംഗ് 737 മാക്സ് വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചു. എന്നാൽ പരിക്കേറ്റിട്ടും സ്മിത് കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ഓടിയെത്തി കോ-പൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഫ്ലൈദുബായ് പൈലറ്റുമാർ ചേർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

ഭയം തോന്നുമ്പോഴെല്ലാം താൻ ഹനുമാൻ ചാലിസ ജപിക്കാറുണ്ടെന്ന് ക്യാപ്റ്റൻ സ്മിത് പ്രധാനമന്ത്രിയോട് പറഞ്ഞു. “ആ ഭീകര നിമിഷത്തിലും വേദന കൊണ്ട് പുളയുമ്പോഴും ഞാൻ ഹനുമാൻ ചാലിസ ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൈവമാണ് എന്നെ രക്ഷിച്ചത്. ദുബായിലാണെങ്കിലും എല്ലാ ദിവസവും രാവിലെ എന്റെ രണ്ട് വയസ്സുള്ള മകന് ഞാൻ ഇത് ചൊല്ലിക്കൊടുക്കാറുണ്ട്. നമ്മൾ എവിടെയാണെങ്കിലും സംസ്കാരം മറക്കരുത്,” ക്യാപ്റ്റൻ പറഞ്ഞു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ ആഗോള നേതാക്കളും ക്യാപ്റ്റൻ സ്മിത് മച്ഛറുടെ ധീരതയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments