Wednesday, September 30, 2026
HomeNewsമാസപ്പടി കേസിൽ പിണറായിക്കെതിരെ നേരിട്ട് കേസെടുക്കാൻ ആവില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ

മാസപ്പടി കേസിൽ പിണറായിക്കെതിരെ നേരിട്ട് കേസെടുക്കാൻ ആവില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടററേറ്റ് (ഇ.ഡി) സർക്കാറിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. പി.എം.എൽ.എയിലെ 66(2) വകുപ്പ് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിർബന്ധമായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന നിലപാട് ഇ.ഡി ആവർത്തിച്ചു.

തെളിവായി കാട്ടാനുള്ളത് ഡയറി മാത്രമാണല്ലോയെന്നും നേരിട്ട് കേസെടുക്കാൻ ഇത് പര്യാപ്തമല്ലെന്നും ഹൈകോടതി വാക്കാൽ നിരീക്ഷിച്ചു. ഇ.ഡി റിപ്പോർട്ടിലെ നിർദേശ പ്രകാരം പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം (പി.എം.എൽ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ.കെ.എം. ഷാജഹാൻ നൽകിയ ഹരജിയിലെ വാദത്തിനിടെയാണ് സർക്കാറും ഇ.ഡിയും നിലപാടറിയിച്ചത്. എല്ലാ കക്ഷികളുടേയും വാദം പൂർത്തിയാക്കിയ കോടതി ഹരജി വിധി പറയാനായി മാറ്റി.

അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിന്‍റെ പകർപ്പ് മുദ്രവെച്ച കവറിൽ ഇ.ഡി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ വിശദ വാദം കേട്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയാൻ മാറ്റിയത്. ഇ.ഡി.അന്വേഷണ ഏജൻസിയല്ലെന്നും റിപ്പോർട്ടിൽ മതിയായ വസ്തുതയില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും പ്രാഥമികാന്വേഷണമേ സാധ്യമാകൂവെന്നുമുള്ള നിലപാട് സർക്കാർ സ്വീകരിച്ചത്. സ്വകാര്യ വ്യക്തി നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്നും തിടുക്കത്തിൽ കോടതിയെ സമീപിച്ചതിൽ തെറ്റായ ഉദ്ദേശ്യമുണ്ടെന്നും പ്രാഥമികാന്വേഷണം ആദ്യം നടത്തേണ്ടതുണ്ടെന്നും സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ജാജു ബാബു ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments