സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം പ്രവൃത്തി ദിനമാക്കുക എന്ന ആവശ്യം പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായതിനെ തുടർന്നാണ് സമരം മാറ്റിവെച്ചത്. മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുന്നതിന് പുറമെ, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻ.പി.എസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക എന്നിവയായിരുന്നു യൂണിയനുകളുടെ പ്രധാന ആവശ്യങ്ങൾ.
നേരത്തെ ഈ ആവശ്യങ്ങൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിച്ച് സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ സംഘടനകൾ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിരുന്നത്.

