Sunday, September 27, 2026
HomeAmericaനോർഈസ്റ്റർ കൊടുങ്കാറ്റിൽ വലഞ്ഞ് വടക്കുകിഴക്കൻ യുഎസിലെ പ്രദേശവാസികൾ: ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

നോർഈസ്റ്റർ കൊടുങ്കാറ്റിൽ വലഞ്ഞ് വടക്കുകിഴക്കൻ യുഎസിലെ പ്രദേശവാസികൾ: ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ശക്തമായ നോർഈസ്റ്റർ കൊടുങ്കാറ്റിനെ തുടർന്ന് വടക്കുകിഴക്കൻ യുഎസിലെ കോടിക്കണക്കിന് ആളുകൾ ദുരിതത്തിലേക്ക്. തീരദേശ വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, ഗതാഗത തടസ്സം എന്നിവയ്ക്കൊപ്പം നിരവധി പരിപാടികളും റദ്ദാക്കി. ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ ഉൾപ്പെടെയുള്ള മേഖലകളിൽ ശനിയാഴ്ച അപകടകരമായ തീരദേശ വെള്ളപ്പൊക്കത്തിനും കടൽത്തീരത്തെ മോശം സാഹചര്യങ്ങൾക്കും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് (NWS) മുന്നറിയിപ്പ് നൽകി.

ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ചില തീരപ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. വിർജീനിയ മുതൽ മെയ്ൻ വരെയുള്ള മേഖലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഗായകൻ എഡ് ഷീരന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോസ്റ്റൺ സംഗീതപരിപാടിയും റദ്ദാക്കി. നോർഈസ്റ്റർ വ്യാപകമായ വൈദ്യുതി മുടക്കത്തിനും കാരണമായി. പവർഔട്ടേജ് ട്രാക്കറിന്റെ കണക്കുകൾ പ്രകാരം വടക്കുകിഴക്കൻ യുഎസിലെ ഭൂരിഭാഗം പ്രദേശങ്ങളിലായി ഒരു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങി.

വിമാനയാത്രക്കാർ വിമാനത്തിന്റെ സ്ഥിതി സംബന്ധിച്ച് അതത് എയർലൈനുകളുമായി പരിശോധിക്കണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശിച്ചു. ഫ്ലൈറ്റ്അവെയർ കണക്കുകൾ പ്രകാരം 2,400ലേറെ വിമാനങ്ങൾ വൈകുകയും 1,199 വിമാനങ്ങൾ റദ്ദാക്കുകയോ നിലത്തിറക്കുകയോ ചെയ്തു. ശനിയാഴ്ചത്തെ പൂർണചന്ദ്രൻ തീരദേശ വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂജേഴ്‌സിയിലെ സർഫ് സിറ്റി, മാൻസ്‌ക്വാൻ തീരദേശ മേഖലകളിൽ ശനിയാഴ്ച റോഡുകളിലും വീടുകളിലും വെള്ളം കയറി.

“എല്ലാ ന്യൂജേഴ്‌സി നിവാസികളും ഈ കൊടുങ്കാറ്റിനെ ഗൗരവമായി കാണണമെന്നും ജാഗ്രത പാലിച്ച് പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പിന്തുടരണമെന്നും ഞാൻ അഭ്യർഥിക്കുന്നു,” ഗവർണർ മിക്കി ഷെറിൽ പറഞ്ഞു.“തീരത്തിനടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വലിയ തോതിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഉടൻ തന്നെ മുൻകരുതൽ സ്വീകരിക്കുക. റോഡുകൾ വെള്ളത്തിനടിയിലാകാനും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ട്,” NWS മുന്നറിയിപ്പ് നൽകി.

ന്യൂയോർക്കിൽ വാരാന്ത്യം മുഴുവൻ മണിക്കൂറിൽ 55 മൈൽ (86 കിലോമീറ്റർ) വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകാൻ സാധ്യതയുണ്ട്.“അത്യാവശ്യമില്ലെങ്കിൽ യാത്ര ചെയ്യരുത്. വെള്ളപ്പൊക്കമുള്ള വെള്ളത്തിലൂടെ വാഹനമോടിക്കുകയോ നടക്കുകയോ ചെയ്യരുത്,” ന്യൂയോർക്ക് സിറ്റി മേയർ സോഹ്രാൻ മംദാനി വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർഥിച്ചു. ബോസ്റ്റൺ മേഖലയിൽ ചിക്കാഗോ കബ്സിനെതിരായ പരമ്പരയിലെ അവസാന മത്സരം റെഡ് സോക്സ് ഞായറാഴ്ച ഉച്ചയിലേക്ക് മാറ്റി. മത്സരം ഫ്ലോറിഡയിലാണ് നടക്കുക.

റെഡ് ബുൾ ന്യൂയോർക്കും സെന്റ് ലൂയിസ് സിറ്റി എസ്‌സിയും തമ്മിലുള്ള പ്രൊഫഷണൽ ഫുട്ബോൾ മത്സരവും റദ്ദാക്കി. ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ നടക്കേണ്ടിയിരുന്ന ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവൽ സംഗീതപരിപാടിയും റദ്ദാക്കി. ലോറൻ ഹിൽ, വൈക്ലെഫ് ജീൻ, ജോൺ ലെജൻഡ് എന്നിവർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയായിരുന്നു ഇത്. ബോസ്റ്റൺ മേഖലയിലെ ജിലറ്റ് സ്റ്റേഡിയത്തിൽ എഡ് ഷീരൻ നടത്താനിരുന്ന സംഗീതപരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയതായി വേദി അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments