വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ബുധനാഴ്ച അമേരിക്കയിലെത്തി. പതിവിന് വിപരീതമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആന്‍ഡ്രൂസ് ജോയിന്റ് ബേസില്‍ നേരിട്ടെത്തി ചൈനീസ് നേതാവിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചു. മെരിലാന്റിലെ വ്യോമതാവളത്തില്‍ സ്വീകരണ ചടങ്ങിനായി ട്രംപും ഭാര്യയും നേരത്തെ എത്തിയിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയിലെത്തിയ ഷീ ജിന്‍പിങ് ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
സാധാരണ യുഎസിലെത്തുന്ന അതിഥികളെ വൈറ്റ് ഹൗസിലാണ് യുഎസ് പ്രസിഡന്റ് സ്വീകരിക്കുക. എന്നാല്‍ വിമാനമിറങ്ങിയ ഷീ ജിന്‍പങിനെ എയർബേസിലെത്തി ട്രംപ് നേരിട്ട് സ്വീകരിക്കുകയായിരുന്നു. വ്യാപാരം, എഐ, ഇറാന്‍ – തായ്‌വാന്‍ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ഷീയുടെ യുഎസ് സന്ദര്‍ശനം. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന ഔദ്യോഗിക വിരുന്നും ഉന്നതതല നയതന്ത്ര ചര്‍ച്ചകളും അടക്കം വന്‍ പരിപാടികളാണ് വരുന്ന മൂന്ന് ദിവസങ്ങളില്‍ നടക്കുക. ‘തന്ത്രപരമായ സ്ഥിരത’ നിലനിര്‍ത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന് ഇടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ തുടര്‍ന്നുവരികയാണ്. ട്രംപ് 2027 മെയില്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനീസ് പ്രസിഡന്റിന് വിപുലമായ സ്വീകരണം നല്‍കിയതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

