ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ഇലോണ്‍ മസ്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുന്‍ പങ്കാളി ആഷ്‌ലി സെന്‍റ് ക്ലെയർ. ആഭ്യന്തരയുദ്ധ ഭീതി പരത്താനും സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനും മസ്ക് ശ്രമിക്കുന്നുവെന്നാണ് ആഷ്‌ലി സെന്‍റ് ക്ലെയറിന്റെ വെളിപ്പെടുത്തൽ. ഇലോൺ മസ്കിന്റെ ജീവിതവും വിവാദങ്ങളും വെളിപ്പെടുത്തുന്ന പുതിയ ഡോക്യുമെന്ററിയായ ‘മസ്കി’ലൂടെയാണ് ആഷ്ലിയുടെ വെളിപ്പെടുത്തല്‍. അലക്സ് ഗിബ്നി സംവിധാനം ചെയ്ത ഈ ഡോക്യുമെന്‍ററിയില്‍ മസ്ക് തനിക്ക് അയച്ച സന്ദേശത്തെ കുറിച്ചും ആഷ്‌ലി വ്യക്തമാക്കുന്നുണ്ട്.
ആഷ്ലിയുടെ വാക്കുകള്‍ ഇങ്ങനെ
‘സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) ഇലോൺ മസ്ക് മനപ്പൂര്‍വം ഭിന്നത വിതയ്ക്കുകയാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിലേക്ക് നയിക്കും. ഒരു ആഭ്യന്തരയുദ്ധം ഉണ്ടാകുന്നതിന് മുൻപ് എനിക്ക് ഒരു വലിയ കുട്ടികളുടെ പട തന്നെ വേണം എന്ന് പറഞ്ഞാണ് തന്നിൽ ഒരു കുട്ടി വേണമെന്ന് മസ്ക് ഒരു മെസ്സേജിലൂടെ ആവശ്യപ്പെട്ടത്. കുട്ടിയുണ്ടായ ശേഷം വേര്‍പിരിയുന്ന സമയത്ത് വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന കരാറിൽ ഒപ്പുവെക്കുന്നതിന് പകരമായി 40 ദശലക്ഷം ഡോളറിന്റെ ഒറ്റത്തവണ തുകയും പ്രതിമാസം 1,00,000 ഡോളർ അലവൻസുമാണ് മസ്കിന്റെ ടീം തനിക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ ഞാന്‍ ആ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ അവർ ഈ ഓഫർ പിൻവലിക്കുകയായിരുന്നു. കാര്യം എന്തായാലും, എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ചെയ്യുന്നത് അവഗണിക്കാൻ കഴിയില്ല. കാരണം, യാഥാർഥ്യ ലോകത്ത് ഇല്ലാത്ത സംഘർഷങ്ങൾക്ക് പോലും അദ്ദേഹം തീ പകരുകയാണ്. എക്സിലെ ഇത്തരം ഇടപെടലുകളിലൂടെ യഥാർഥ ലോകത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് അദ്ദേഹം ചെയ്യുന്നത്. അതിനെ തടയാൻ നമ്മൾ ശ്രമിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം’ എന്നും ആഷ്‌ലി സെന്‍റ് ക്ലെയർ പറയുന്നു.

