Sunday, August 30, 2026
HomeAmericaഹഷ് മണി കേസിൽ ട്രംപിന് തിരിച്ചടി: ട്രംപിൻ്റെ ആവശ്യം തള്ളി കോടതി

ഹഷ് മണി കേസിൽ ട്രംപിന് തിരിച്ചടി: ട്രംപിൻ്റെ ആവശ്യം തള്ളി കോടതി

വാഷിംഗ്ടൺ : ന്യൂയോർക്കിലെ വിവാദപരമായ ഹഷ് മണി കേസ് ഫെഡറൽ കോടതിയിലേക്ക് മാറ്റണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആവശ്യം ഫെഡറൽ കോടതി തള്ളി. ചരിത്രപരമായ തൻ്റെ ക്രിമിനൽ ശിക്ഷ റദ്ദാക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ആൽവിൻ ഹെല്ലർസ്റ്റീൻ്റെ ഈ വിധി. കേസ് മാറ്റുന്നതിനായി പുതിയതോ നിയമപരമായി നിലനിൽക്കുന്നതോ ആയ യാതൊരു കാരണങ്ങളും ബോധിപ്പിക്കാൻ ട്രംപിന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ ജാഗ്രതയോ തക്കതായ കാരണങ്ങളോ കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2016-ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ പോൺ താരമായ സ്റ്റോർമി ഡാനിയൽസിന് ട്രംപിൻ്റെ മുൻ അഭിഭാഷകൻ മൈക്കിൾ കോഹൻ 1,30,000 ഡോളർ (ഹഷ് മണി) നൽകിയിരുന്നു. ഈ പണം തിരിച്ചുകൊടുത്തത് മറച്ചുവെക്കാൻ കമ്പനിയുടെ ബിസിനസ്സ് രേഖകളിൽ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. ന്യൂയോർക്ക് തിരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കുന്നത് മറയ്ക്കാനാണ് രേഖകൾ തിരുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് 2024 മേയിൽ മാൻഹട്ടൻ ജൂറി, രേഖകളിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട 34 ഫെലണി കുറ്റങ്ങളിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി വാദം പ്രസിഡൻ്റുമാർ ഔദ്യോഗിക പദവിയിലിരുന്ന് ചെയ്യുന്ന കാര്യങ്ങൾക്ക് ക്രിമിനൽ നടപടികളിൽ നിന്ന് പരിരക്ഷയുണ്ടെന്ന 2024-ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കാനായിരുന്നു ട്രംപിൻ്റെ ശ്രമം. വിചാരണവേളയിൽ തൻ്റെ ആദ്യ ഭരണകാലത്തെ തെളിവുകളും മൊഴികളും ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന് ട്രംപ് വാദിച്ചു. എന്നാൽ, ഹഷ് മണി കേസിന് ആധാരമായ കാര്യങ്ങൾ വ്യക്തിപരമാണെന്നും ഔദ്യോഗിക ചുമതലകളുടെ ഭാഗമല്ലെന്നുമുള്ള നിലപാടിൽ ജഡ്ജ് ആൽവിൻ ഹെല്ലർസ്റ്റീൻ ഉറച്ചുനിന്നു.

2025 ജനുവരി 10-ന് ജഡ്ജ് ഹുവാൻ മെർച്ചൻ ട്രംപിന് ‘അൺകണ്ടീഷണൽ ഡിസ്ചാർജ്’ (വ്യവസ്ഥകളില്ലാത്ത വിടുതൽ) ശിക്ഷയായി വിധിച്ചിരുന്നു. ഇത് പ്രകാരം ജയിൽ ശിക്ഷയോ പിഴയോ ട്രംപ് അനുഭവിക്കേണ്ടതില്ലെങ്കിലും കുറ്റം അദ്ദേഹത്തിൻ്റെ ഔദ്യോഗിക റെക്കോർഡിൽ നിലനിൽക്കും. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡൻ്റായി ചുമതലയേൽക്കുന്നതിന് 10 ദിവസം മുമ്പായിരുന്നു ഈ വിധി.അതേസമയം, കുറ്റം നിഷേധിച്ച ട്രംപ് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്ക് സ്റ്റേറ്റ് അപ്പീൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രംപ് നേരിട്ട നാല് ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയായി ശിക്ഷാവിധിയിലെത്തിയ ഒരേയൊരു കേസ് ഇതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments