Thursday, August 27, 2026
HomeNewsചുവന്ന ഗ്രഹത്തിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ പകർത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ

ചുവന്ന ഗ്രഹത്തിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ പകർത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ

ചൊവ്വയിലെ തന്റെ 14 വർഷത്തെ ചരിത്രപരമായ ദൗത്യത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് നാസയുടെ ക്യൂരിയോസിറ്റി റോവർ. മൗണ്ട് ഷാർപ്പിന്റെ ചരിവുകളിലൂടെയുള്ള തുടർച്ചയായ യാത്രയിൽ റോവർ ഒരു കിലോമീറ്റർ ഉയരം കീഴടക്കിയിരിക്കുന്നു. ഈ സവിശേഷ നിമിഷത്തിൽ ചുവന്ന ഗ്രഹത്തിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ റോവർ ഒപ്പിയെടുക്കുകയും അത് ശാസ്ത്രലോകത്തിന് വലിയ കൗതുകമായി മാറുകയും ചെയ്തിട്ടുണ്ട്.

ഈ ചരിത്രനേട്ടത്തിന്റെ ഭാഗമായി നാസ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ചൊവ്വയിലെ വിസ്തൃതമായ പനോരമിക് ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ‘വാലെ ഗ്രാൻഡെ’ എന്ന് പേരിട്ടിരിക്കുന്ന മൗണ്ട് ഷാർപ്പിലെ വിശാലമായ താഴ്‌വരയിൽ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റോവറിന്റെ മാസ്റ്റ് കാമറ ഉപയോഗിച്ച് ഓഗസ്റ്റ് 1, 2 തീയതികളിലായി പകർത്തിയ 323 വ്യക്തിഗത ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വിസ്മയകരമായ പനോരമിക് ചിത്രം തയാറാക്കിയിരിക്കുന്നത്. ചൊവ്വയിലെ അന്തരീക്ഷത്തിലൂടെ ഗെയിൽ ഗർത്തത്തിന്റെ അടിത്തറയും വടക്കേ അരികും ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും.

ഭൂമിയിലെ മനുഷ്യന്റെ കണ്ണുകൾക്ക് ദൃശ്യമാകുന്നതുപോലെ നാസ ഇതിലെ നിറങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ചൊവ്വയുടെ നേർത്ത അന്തരീക്ഷവും അങ്ങേയറ്റം വരണ്ടതും തണുത്തതുമായ മരുഭൂമി ഭൂപ്രകൃതിയും ഈ ചിത്രങ്ങളിൽ കാണാം. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും കാലാവസ്ഥാ വ്യതിയാനങ്ങളും കൃത്യമായി നിരീക്ഷിച്ചുകൊണ്ട് ക്യൂരിയോസിറ്റി തന്റെ ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയാണ്.2012 ഓഗസ്റ്റ് 5-നാണ് ക്യൂരിയോസിറ്റി ഗെയിൽ ഗർത്തത്തിൽ ഇറങ്ങുന്നത്. തുടർന്ന് 2014 മുതൽ മൗണ്ട് ഷാർപ്പ് മലകയറാൻ തുടങ്ങിയ റോവർ ചൊവ്വയുടെ കോടിക്കണക്കിന് വർഷത്തെ പരിണാമ ചരിത്രമാണ് ഈ മലയുടെ പാളികളിലൂടെ പുറത്തുകൊണ്ടുവരുന്നത്. മുൻകാലങ്ങളിൽ ഇവിടെ തടാകങ്ങളും അരുവികളും ഉണ്ടായിരുന്നു എന്നതിന്റെയും ജീവന്റെ തുടിപ്പുകൾക്ക് ആവശ്യമായ രാസപദാർത്ഥങ്ങൾ അവിടെ നിലനിന്നിരുന്നു എന്നതിന്റെയും നിർണായക തെളിവുകൾ കണ്ടെത്താൻ ഈ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments