വാഷിംഗ്ടൺ: യു.എസിലെ വിദേശ തൊഴിലാളികളുടെ ആശ്രയമായ എച്ച്-1ബി വിസ പ്രോഗ്രാമിൽ വൻ പരിഷ്കാരങ്ങൾക്കൊരുങ്ങി ട്രംപ് ഭരണകൂടം. വിസ പരിധിയിൽ നിന്നുള്ള പ്രത്യേക ഇളവുകൾ പുനഃപരിശോധിക്കാനും, നിയമ ലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ള നിർദ്ദിഷ്ട നിയമ ഭേദഗതി ഭരണകൂടം പുറത്തിറക്കി.“എച്ച്-1ബി നോൺ-ഇമിഗ്രന്റ് വിസ ക്ലാസിഫിക്കേഷൻ പ്രോഗ്രാം പരിഷ്കരിക്കൽ” എന്ന പേരിലുള്ള പുതിയ നിർദ്ദേശം നിലവിൽ ഫെഡറൽ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബഡ്ജറ്റിൻ്റെ പരിശോധനയിലാണ്. ഇതിന്മേലുള്ള അന്തിമ നടപടികൾ 2026 ഓഗസ്റ്റിൽ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വിവരം. മുൻപ് 2025 ഡിസംബറിലായിരുന്നു ഇതിൽ നടപടി പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഇത് നീട്ടിവെയ്ക്കുകയായിരുന്നു.
അമേരിക്കൻ തൊഴിലാളികളുടെ വേതനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനൊപ്പം വിസ പ്രക്രിയ കൂടുതൽ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഐടി മേഖലയിലടക്കം ജീവനക്കാരെ മറ്റ് ക്ലയന്റ് കമ്പനികളിലേക്ക് നിയോഗിക്കുന്ന തേർഡ് പാർട്ടി പ്ലേസ്‌മെന്റ് സ്ഥാപനങ്ങൾ കർശനമായ യോഗ്യതാ പരിശോധനകൾക്ക് വിധേയമാകേണ്ടി വരും.
നിലവിൽ പ്രതിവർഷം 65,000 സാധാരണ വിസകളും, യു.എസ് സർവകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവർക്കായി 20,000 പ്രത്യേക വിസകളുമാണ് അമേരിക്ക അനുവദിക്കുന്നത്.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി, ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി ജീവനക്കാർക്ക് രാജ്യം വിടാൻ അനുവദിച്ച് പോന്നിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് പൂർണ്ണമായും നിർത്തലാക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ നീക്കം ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് കുടിയേറ്റ കുടുംബങ്ങളെ സാരമായി ബാധിക്കും.
നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെയുള്ള കർശന മേൽനോട്ടത്തെ മുൻ വൈറ്റ് ഹൗസ് കമ്മീഷണർ അജയ് ജെയിൻ ഭൂട്ടോറിയ സ്വാഗതം ചെയ്തെങ്കിലും, ഗ്രേസ് പിരീഡ് നിർത്തലാക്കാനുള്ള നീക്കത്തെ ശക്തമായി അപലപിച്ചു. ഈ തീരുമാനം യു.എസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വൻതോതിൽ പ്രതിഭകളെ നഷ്ടപ്പെടുത്തുമെന്നും കുടിയേറ്റ കുടുംബങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി.

