ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ ‘നീറ്റ്’ രാജ്യവ്യാപകമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. ചോദ്യപേപ്പർ ചോർച്ചയും വിവിധ ക്രമക്കേടുകളും കാരണം രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരിൻ്റെ ഈ നിർണ്ണായക നീക്കം. ഭരണകക്ഷിയായ ടി.വി.കെയും കോൺഗ്രസും, പ്രതിപക്ഷമായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നിവരുൾപ്പെടെയുള്ള പ്രമുഖ കക്ഷികൾ പ്രമേയത്തെ പൂർണ്ണമായി പിന്തുണച്ചപ്പോൾ ബി.ജെ.പി. അംഗം മാത്രം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.ജി. അരുൺരാജ് അവതരിപ്പിച്ച പ്രമേയത്തിലൂടെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനം നടത്താവൂ എന്ന മുൻ നിലപാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ നേതൃത്വത്തിലുള്ള സർക്കാർ ആവർത്തിച്ചു.
നഗരകേന്ദ്രീകൃതമായ നീറ്റ് പരീക്ഷ തമിഴ് മീഡിയത്തിൽ പഠിക്കുന്നവർക്കും ഗ്രാമീണ-പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ളതുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം പൂർണ്ണമായും അപ്രാപ്യമാക്കുന്നു എന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ലക്ഷക്കണക്കിന് രൂപ ഈടാക്കുന്ന സ്വകാര്യ കോച്ചിംഗ് സെൻ്ററുകളെ ആശ്രയിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നതോടെ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം നഷ്ടപ്പെടുകയാണ്. പന്ത്രണ്ട് വർഷത്തെ സ്കൂൾ പഠനത്തിന് ശേഷം ഒരൊറ്റ ദിവസത്തെ പരീക്ഷയിലൂടെ ഭാവി നിർണ്ണയിക്കുന്നത് കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദത്തിനും ആത്മഹത്യകൾക്കും കാരണമാകുന്നുണ്ടെന്നും തമിഴ്‌നാട് സർക്കാർ ചൂണ്ടിക്കാട്ടി. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷകൾ വീണ്ടും നടത്തേണ്ടി വന്നതും പരീക്ഷാ സമ്പ്രദായത്തിലുള്ള വിശ്വാസ്യത തകർത്തതായും പ്രമേയത്തിൽ പറയുന്നു.
ദേശീയ മെഡിക്കൽ കമ്മീഷൻ ആക്ട് ഉൾപ്പെടെയുള്ള കേന്ദ്ര നിയമങ്ങളിൽ അടിയന്തരമായി ഭേദഗതി വരുത്തി നീറ്റ് പരീക്ഷ രാജ്യവ്യാപകമായി നിർത്തലാക്കണമെന്ന് പ്രമേയത്തിലൂടെ തമിഴ്‌നാട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻപ് ഡി.എം.കെ ഭരണകാലത്ത് സംസ്ഥാനത്തിന് നീറ്റിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഒരു ബില്ല് പാസാക്കിയിരുന്നുവെങ്കിലും അതിന് ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ പ്രമേയം സഭ പാസാക്കിയിരിക്കുന്നത്.

