മനാമ : ഇന്ന് പുലർച്ചെ ഇറാന്റെ ബഹ്‌റൈനു നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ മുഹറഖ് ഗവർണറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സിവിൽ ഡിഫൻസ് അടക്കമുള്ള ബന്ധപ്പെട്ട സുരക്ഷാ അധികൃതർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകളും തുടർനടപടികളും സ്വീകരിച്ചിട്ടുണ്ട്.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ സഹിതം ഈ വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ കെട്ടിടത്തിന്റെ മുകൾഭാഗവും അപ്പാർട്ട്മെന്റുകളുടെ ഉൾവശവും തകർന്ന നിലയിൽ ദൃശ്യങ്ങളിൽ കാണാം. പ്രദേശത്തെ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

