ന്യൂയോർക്ക്: സ്പേസ് എക്സിന്റെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനത്തിന് പിന്നാലെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ പദവിയിലേക്ക് ഉയർന്ന ഇലോൺ മസ്കിന് ആ നേട്ടം നിലനിർത്താനായില്ല. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം, രണ്ടാഴ്ച തികയുന്നതിന് മുമ്പേ മസ്ക് വീണ്ടും ട്രില്യണയർ പട്ടികക്ക് പുറത്തായി.
ജൂൺ 12ന് സ്പേസ് എക്സ് നാസ്ഡാക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെയാണ് മസ്ക് ചരിത്രത്തിൽ ആദ്യമായി ട്രില്യണയർ പദവിയിൽ എത്തിയത്. ജൂൺ 16ഓടെ ഓഹരി വിപണിയിലെ വൻ കുതിച്ചുചാട്ടത്തിൽ മസ്കിന്റെ ആസ്തി 1.32 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ചയോടെ അദ്ദേഹത്തിന്റെ ആസ്തി 957 ബില്യൺ ഡോളറായി കുറഞ്ഞു.

