Wednesday, June 3, 2026
HomeAmericaപശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്: ഖഷം ദ്വീപിൽ യു.എസ് ആക്രമണം

പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്: ഖഷം ദ്വീപിൽ യു.എസ് ആക്രമണം

തെഹ്റാൻ: സമാധാചർച്ചകൾ വഴിമുട്ടിനിൽക്കെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയെന്ന വാർത്തകൾക്കു പിന്നാലെ ഇരുഭാഗത്തുനിന്നും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഖഷം ദ്വീപിൽ യു.എസ് ആക്രമണം നടത്തി. കുവൈത്തിലും ബഹ്‌റൈനിലും മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. ഹുർമുസ് കടലിടുക്കിലെ ഇറാന്റെ ഖഷം ദ്വീപിൽ “സ്വയം പ്രതിരോധ” ആക്രമണം നടത്തിയതായി യു.എസ് സൈന്യം അവകാശപ്പെട്ടു. ഖഷം ദ്വീപിൽ നിന്ന് വൻ സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖല വീണ്ടും സംഘർഷഭരിതമായി.

കുവൈത്തിനും ബഹ്റൈനും നേരെയുള്ള ഒന്നിലധികം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിജയകരമായി പരാജയപ്പെടുത്തിയതായും യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് എക്സിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പ്രാദേശിക അയൽക്കാർക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്നും അവയെല്ലാം അവയുടെ ലക്ഷ്യങ്ങളിൽ എത്തുന്നതിൽ പരാജയപ്പെട്ടു എന്നും സൈന്യം എക്സിൽ കുറിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തു.

സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും മേഖല സംഘർഷത്തിലേക്ക് നീങ്ങുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.ലെബനാൻ യുദ്ധത്തിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ സമാധാനചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ അറിയിച്ചിരുന്നു. അതേസമയം, ചർച്ചകളിൽ നിന്ന് ഇറാൻ പിൻവാങ്ങുന്ന വിവരം അറിഞ്ഞിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇസ്രായേൽ-ലബനാൻ സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. വാഷിങ്ടണിൽ യു.എസ് മധ്യസ്ഥതയിൽ ലബനാൻ-ഇസ്രായേൽ നാലാം ഘട്ട വെടിനിർത്തൽ ചർച്ച തുടങ്ങിയ ചൊവ്വാഴ്ചയും ദക്ഷിണ ലബനാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ, 96 ദിവസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനാവാതെ രാജ്യത്തിനകത്തും പുറത്തും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ട്രംപ്.

സമാധാന ചർച്ചകളിൽ നിന്ന് പിൻവാങ്ങുന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം സംയമനം ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരുന്നു. വെടിനിർത്തൽ ഉടനുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ സൈന്യം കൂടുതൽ മേഖലകളിൽ ആക്രമണം നടത്തുകയായിരുന്നു. നെതന്യാഹുവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് കുപിതനായതായി റിപ്പോർട്ടുകളുണ്ട്. സംസാരത്തിനിടെ നെതന്യാഹുവിനെ ട്രംപ് ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ചുവത്രെ. എന്നാൽ, ആക്രമണം അവസാനിപ്പിക്കുമെന്ന് നെതന്യാഹു തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹിസ്ബുല്ല വെടിനിർത്തലിന് തയാറായെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments