Saturday, May 30, 2026
HomeGulfശമ്പള വിതരണത്തിനായി പരിഷ്കരിച്ച നിയമം ജൂണ്‍ ഒന്ന് മുതൽ നടപ്പിലാക്കാൻ യു.എ.ഇ

ശമ്പള വിതരണത്തിനായി പരിഷ്കരിച്ച നിയമം ജൂണ്‍ ഒന്ന് മുതൽ നടപ്പിലാക്കാൻ യു.എ.ഇ

അബുദാബി : യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട പരിഷ്കരിച്ച നിയമം ജൂണ്‍ ഒന്ന് (തിങ്കളാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും. ശമ്പളം വൈകുന്നത് തടയാനും തൊഴിലുടമകള്‍ കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (MOHRE) നിയമങ്ങള്‍ കൂടുതല്‍ കർശനമാക്കിയത്.

പുതിയ നിർദ്ദേശപ്രകാരം, മുൻമാസത്തെ ശമ്പളം വേതന സംരക്ഷണ സംവിധാനം (WPS) വഴിയോ മന്ത്രാലയം അംഗീകരിച്ച മറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ വഴിയോ കൃത്യസമയത്ത് തൊഴിലാളികളുടെ അക്കൗണ്ടുകളില്‍ എത്തിച്ചിരിക്കണം.തൊഴില്‍ വിപണിയിലെ സുരക്ഷിതത്വവും സുതാര്യതയും വർദ്ധിപ്പിക്കാനും ജീവനക്കാരുടെ അവകാശങ്ങള്‍ വേഗത്തില്‍ സംരക്ഷിക്കാനും ഈ പുതിയ സമയക്രമം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൃത്യസമയത്ത് വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേതന സംരക്ഷണ സംവിധാനം (WPS) വർഷങ്ങളായി യു.എ.ഇയില്‍ നിലവിലുണ്ട്.

പ്രധാന മാറ്റങ്ങളും നടപടികളും:

* ശമ്പളം നല്‍കേണ്ട തീയതി കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ തന്നെ ഇലക്‌ട്രോണിക് സംവിധാനം വഴി മന്ത്രാലയം നിരീക്ഷണം ആരംഭിക്കും.

* ശമ്പളം നല്‍കാൻ അഞ്ച് ദിവസത്തിലധികം വൈകിയാല്‍ കമ്പനികള്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് നടപടികള്‍ ആരംഭിക്കും. പുതിയ വർക്ക് പെർമിറ്റുകള്‍ നല്‍കുന്നത് തടയുന്നതുള്‍പ്പെടെയുള്ള കർശന നിയന്ത്രണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

* നിയമലംഘനം ആവർത്തിക്കുന്ന കമ്പനികള്‍ക്കും 50-ല്‍ കൂടുതല്‍ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങള്‍ക്കും എതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും.

* നിയമപരമായി രേഖപ്പെടുത്തിയ മറ്റ് പിടുത്തങ്ങള്‍ കിഴിച്ച്‌, ആകെ വേതനത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും കൃത്യസമയത്ത് നല്‍കുന്ന കമ്പനികളെ ചില നിബന്ധനകള്‍ക്ക് വിധേയമായി നിയമം പാലിക്കുന്നവരായി പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments