ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന് പിന്നാലെ പിണറായിയുടെ വീട്ടിലുള്‍പ്പെട ഇഡി െറയ്ഡ് നടത്തിയതിനെ ചൊല്ലിയുള്ള ആരോപണങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ‘ഞാന്‍ ആദ്യമായിട്ടാണ് നരേന്ദ്രമോദിയെ നേരില്‍ കാണുന്നത്… മുഖാമുഖം കാണുന്നത്. ഞാന്‍ ഉടനേതന്നെ പറഞ്ഞു, പിണറായി വിജയന്‍റെ വീട് ഒന്നു റെയ്ഡ് ചെയ്യണം, നാളെ…ഇഡിയെക്കൊണ്ട്. മോദി അപ്പോത്തന്നെ ഫോണെടുത്ത് കുത്തി. എന്നിട്ടുപറഞ്ഞു, നാളെ രാവിലെ… സതീശന്‍ വന്നിട്ട് ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞതാണ്. നാളെ രാവിലെ കംപ്ലീറ്റ് സ്ഥലത്തും റെയ്ഡ് ചെയ്യണം. അപ്പോ ഞാന്‍ പറഞ്ഞു, ഒരു സ്ഥലത്ത് പോര, 12 സ്ഥലത്ത് ചെയ്യണം. ങാ, സതീശന്‍ പറഞ്ഞേക്കുന്നത് 12 സ്ഥലത്ത് റെയ്ഡ് ചെയ്യാനാണ്… അങ്ങനെ 12 സ്ഥലത്ത് റെയ്ഡ് ചെയ്തു. ഇത് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വരെ വന്ന് പത്രക്കാരോട് പറയുകയാണ്. ഞാന്‍ ചിരിക്കണോ അതോ കരയണോ, ഇതുകേട്ടിട്ട്? നിങ്ങളൊന്നാലോചിക്ക്, നരേന്ദ്രമോദിയെ ആദ്യമായിട്ട് കണ്ട്, മുഖ്യമന്ത്രിയായിട്ട് കാണാന്‍ പോയപ്പോ, ഇവിടത്തെ പ്രതിപക്ഷനേതാവായിരിക്കുന്ന അദ്ദേഹത്തിന്‍റെ വീട് റെയ്ഡ് ചെയ്യണമെന്ന്…ഞാന്‍. പിണറായി വിജയന്‍ അങ്ങനെയൊന്നും പറയില്ല കേട്ടോ. എനിക്ക് അദ്ദേഹത്തെക്കുറിച്ച് എനിക്കൊരു റേറ്റിങ് ഉണ്ട്, എന്‍റെ ഉള്ളില്‍. അദ്ദേഹം അതൊന്നും പറയില്ല’-മുഖ്യമന്ത്രി പരിഹാസം തുടര്‍ന്നു.
ഈ സര്‍ക്കാര്‍ വന്ന ശേഷമുള്ള രണ്ടാമത്തെ തമാശയാണിതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രധാനമന്ത്രിയെ കണ്ടത് ഔപചാരിക കൂടിക്കാഴ്ചയാണ്. എനിക്ക് മുന്‍പുണ്ടായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മുഖ്യമന്ത്രിമാരും അവരുടെ സ്ഥാനമേറ്റുകഴിഞ്ഞാല്‍ അവിടെ ആരാണ് പ്രധാനമന്ത്രിയെങ്കിലും പോയി കാണുന്നതാണ് കീഴ്വഴക്കം. ഞാനും അത് ചെയ്തു. രണ്ടുപ്രാവശ്യവും മുന്‍മുഖ്യമന്ത്രി (പിണറായി വിജയന്‍) അത് ചെയ്തിട്ടുണ്ട്. സിപിഎമ്മുകാര്‍ തമാശ പറയുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പണ്ടേ ഈ കമ്യൂണിസ്റ്റുകാരെക്കുറിച്ച് ഒരു പരാതിയുണ്ട്. ബലംപിടുത്തം കൂടുതലാണ്, സ്റ്റിഫ് ആണെന്ന്. അതൊക്കെ അയഞ്ഞ് അവര്‍ തമാശപറയാന്‍ തുടങ്ങിയല്ലോ. അതില്‍ എനിക്കൊരു സന്തോഷമുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.
സിഎംആര്‍എലില്‍ നിന്ന് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയെ ആരോപണത്തിലും മുഖ്യമന്ത്രി നയം വ്യക്തമാക്കി. അസംബ്ലിയില്‍ താനിക്കാര്യം പറഞ്ഞതാണെന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മുതലാളിമാരില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം വാങ്ങും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഫണ്ട് ഇത്തരം കമ്പനികളില്‍ നിന്നാണ്. അങ്ങനെയുള്ള സിഎംആര്‍എലിന്‍റെ ആളുകളില്‍ നിന്ന് യുഡിഎഫുകാര്‍ മാത്രമല്ല, കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം വാങ്ങിയിട്ടുണ്ടെന്നും അതല്ല ഇവിടുത്തെ കേസ് എന്നും അദ്ദേഹം പറഞ്ഞു. ‘ഇവിടത്തെ കേസ് ഒരു കമ്പനിയും ആ കമ്പനിയും തമ്മിലുള്ള ഇടപാടില്‍ ആ കമ്പനിയുടെ അക്കൗണ്ടിലേക്ക്, എക്സാലോജിക് കമ്പനിയിലേക്ക് വലിയ തുക അയച്ചുകൊടുത്തു. ക്ലയന്‍റ് സര്‍വീസിന് വേണ്ടിയിട്ടാണ് അയച്ചുകൊടുത്തത്. എന്നാല്‍ ക്ലയന്‍റ് സര്‍വീസ് നടത്താതെ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി – മണി ലോണ്ടറിങ് ആണ് – അതുകൊണ്ടാണ് പിഎംഎല്‍എ ആക്ട് വരുന്നത്. മനസിലായില്ലേ, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിന്‍റെ പ്രൊവിഷന്‍സ് അട്രാക്ട് ചെയ്യുന്നത് എന്നാണ് കേസ്. കേസിന്‍റെ മെരിറ്റും ഡീമെറിറ്റുമല്ല ഞാന്‍ പറയുന്നത്, അതാണ് കേസ്. അതും രാഷ്ട്രീയനേതാക്കള്‍ ബിസിനസുകാരില്‍ നിന്ന് പണം മേടിക്കുന്നതും തമ്മില്‍ എന്ത് ബന്ധമാണുള്ളത്.
രാഷ്ട്രീയനേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാവരുടെയും, ഇപ്പോ സിപിഎമ്മിന്‍റെ അക്കൗണ്ട് എടുത്ത് നോക്കിയാല്‍ അറിയാമല്ലോ. ഈ വ്യക്തിയുടെ കയ്യില്‍ നിന്ന് സിപിഎം വാങ്ങിച്ചിട്ടുണ്ട് പണം. സിപിഎം നേതാക്കളൊക്കെയായിട്ട് വ്യക്തിപരമായി ബന്ധമുള്ളയാളാണ്. എന്‍റെ മണ്ഡലത്തിന്‍റെ അടുത്തുള്ളയാളാണ്. ഞങ്ങള്‍ക്കൊക്കെ പരിചയമുള്ള ആളാണ്. വ്യവസായിയായ ആളാണ്. കൊച്ചിയിലെ വലിയ പ്രധാനപ്പെട്ട വ്യവസായിയാണ്. അവരുടെ കയ്യില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ സംഘടനകളും അമ്പലക്കമ്മിറ്റികളും പള്ളിക്കമ്മിറ്റിയും പൈസ മേടിച്ചതല്ല ഇവിടത്തെ കേസ്. അതാണ് വ്യത്യാസം’ –മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

