ദുബൈ : മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു. സന്ദർശക വിസയിൽ ദുബൈയിൽ മകളോടൊപ്പം താമസിക്കുകയായിരുന്ന തൃശൂർ ഗുരുവായൂർ കോട്ടപ്പടി കാവീട് വെള്ളറ വീട്ടിൽ ജോസ്മോന്‍റെ ഭാര്യ ജെസീന്ത (ജെസ്സി-63)യുടെ അവയവങ്ങളാണ് ദാനം ചെയ്തത്. നേരത്തെ ഒട്ടേറെ മലയാളികൾ യു.എ.ഇ, സൗദി, ഒമാൻ എന്നിവിടങ്ങളിൽ അവയവദാനം നടത്തിയിരുന്നെങ്കിലും സന്ദർശക വിസയിലുള്ള മലയാളി പ്രവാസി വീട്ടമ്മയുടെ അവയവദാനം ഇതാദ്യമാണ്. ഭർത്താവിന്‍റെ വിയോഗത്തെ തുടർന്ന് ദുബൈയിൽ മകൾ ബ്രിറ്റിയുടെ കൂടെയായിരുന്നു ജെസീന്തയുടെ താമസം.
സന്ദർശക വിസയിൽ കഴിഞ്ഞ രണ്ട് വർഷമായി നാട്ടിലും ദുബൈയിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുഴഞ്ഞുവീണ ജെസീന്തയെ ഉടൻ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മക്കളായ ബ്രിറ്റി, കാനഡയിലുള്ള ബ്രിട്ടോ എന്നിവരും മരുമക്കൾ സോബി (ദുബൈ), ആൻസി (കാനഡ) എന്നിവർ അവയവ ദാനത്തിന് സമ്മതം നൽകി. വീട്ടമ്മയുടെ അവയവങ്ങൾ യു.എ.ഇയിൽ അവയവമാറ്റ ശസ്ത്രക്രിയ കാത്തുനിന്ന രണ്ട് പേർക്ക് പുതുജീവിതം സമ്മാനിക്കും. ഒരാൾക്ക് രണ്ട് വൃക്കകളും മറ്റൊരാൾക്ക് കരളുമാണ് നൽകിയത്.
മൂന്ന് വർഷം മുൻപായിരുന്നു ജെസീന്തയുടെ ഭർത്താവ് ജോസ്മോന്‍റെ മരണം. അവയദാനത്തിന് ശേഷം ജെസീന്തയുടെ ഭൗതിക ദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി കാവീട് സെന്‍റ് ജോസഫ് ദേവാലയത്തിൽ സംസ്കരിച്ചു.അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ ശേഷം ജെസീന്തയെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വേളയിൽ ദുബൈ കിങ്സ് കോളജ് ലണ്ടൻ ആശുപത്രി അത്യപൂർവവും വൈകാരികവുമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. ‘ഓണർ വാക്ക്’ എന്നറിയപ്പെടുന്ന ആദരമർപ്പിക്കലായിരുന്നു അത്.
മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുമ്പോൾ ആ ദാതാവിനോടും അവരുടെ കുടുംബത്തിന്‍റെ വലിയ മനസ്സിനോടും ഉള്ള ആദരസൂചകമായി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും ചേർന്ന് നടത്തുന്ന പ്രത്യേക ചടങ്ങാണിത്. യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ‘ഹയാത്ത്’ എന്ന ദേശീയ പദ്ധതി വഴിയാണ് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകോപിപ്പിക്കുന്നത്. ഏതൊരു യു.എ.ഇ താമസക്കാരനും ‘ഹയാത്ത്’ ആപ്പിലോ വെബ്‌സൈറ്റിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.

