Saturday, May 23, 2026
HomeAmericaകാലിഫോർണിയയിൽ എയ്റോസ്പേസ് നിർമ്മാണശാല രാസസംഭരണി തകരാറിൽ: 40,000-ത്തോളം ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിച്ചു ഭരണകൂടം

കാലിഫോർണിയയിൽ എയ്റോസ്പേസ് നിർമ്മാണശാല രാസസംഭരണി തകരാറിൽ: 40,000-ത്തോളം ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിച്ചു ഭരണകൂടം

കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിലുള്ള എയ്റോസ്പേസ് നിർമ്മാണശാലയിലെ രാസസംഭരണി തകരാറിലായതിനെ തുടർന്ന് കടുത്ത ദുരന്തഭീതിയിൽ ഗാർഡൻ ഗ്രോവ് നഗരം. പ്രതിസന്ധിയിലായ ടാങ്ക് ഒന്നുകിൽ തകരുകയോ അല്ലെങ്കിൽ പൊട്ടിത്തെറിക്കുകയോ ചെയ്യുമെന്ന ഔദ്യോഗിക മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തുനിന്നും 40,000-ത്തോളം ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിച്ചു.

ഗാർഡൻ ഗ്രോവിലെ ജികെഎൻ എയ്റോസ്പേസ് കമ്പനിയിലെ 34,000 ഗാലൻ ശേഷിയുള്ള സംഭരണിക്കാണ് തകരാർ സംഭവിച്ചത്. പ്ലാസ്റ്റിക്കുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അതീവ അപകടകാരിയായ ‘മീഥൈൽ മെതാക്രിലെയ്റ്റ്’ എന്ന രാസവസ്തുവാണ് ഇതിലുള്ളത്. നിലവിൽ ഏഴായിരത്തോളം ഗാലൻ രാസവസ്തു ടാങ്കിലുണ്ടെന്നാണ് വിവരം.

കഴിഞ്ഞദിവസം ടാങ്കിലെ താപനില ഉയരുകയും ഇത് വീർത്തു വരികയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിലെ വാതകം പുറത്തേക്ക് ലീക്കായതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി താൽക്കാലികമായി പരിഹരിച്ചെങ്കിലും, ടാങ്കിൻ്റെ വാൽവുകൾക്ക് സംഭവിച്ച കേടുപാടുകൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. രാസപ്രവർത്തനം തടയാൻ ചേർത്ത വസ്തുക്കൾ ഫലപ്രദമാകാത്തതും, വാൽവുകളുടെ തകരാർ മൂലം ഉള്ളിലെ കെമിക്കൽ മറ്റ് ടാങ്കുകളിലേക്ക് മാറ്റാൻ കഴിയാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

“ഇനി രണ്ട് വഴികൾ മാത്രമാണ് അവശേഷിക്കുന്നത്. ഒന്നുകിൽ ടാങ്ക് തകർന്ന് ഈ മാരക രാസവസ്തു പുറത്തേക്ക് ഒഴുകും. അല്ലെങ്കിൽ താപനില ഉയർന്ന് ടാങ്ക് ശക്തമായി പൊട്ടിത്തെറിക്കും. ഇത് സമീപത്തുള്ള ഇന്ധന ടാങ്കുകളെക്കൂടി ബാധിക്കും,” എന്ന് ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി ഡിവിഷൻ ചീഫ് ക്രെയ്ഗ് കോവി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ അന്തരീക്ഷത്തിൽ വാതകച്ചോർച്ചയോ പുകയോ ഇല്ലെങ്കിലും ഏതുനിമിഷവും സംഭവിച്ചേക്കാവുന്ന അപകടം മുന്നിൽക്കണ്ടാണ് മുൻകരുതൽ നടപടികൾ. ശ്വാസകോശത്തിന് കടുത്ത ആഘാതമുണ്ടാക്കുന്നതും തീപിടിക്കാൻ സാധ്യതയുള്ളതുമാണ് ഈ രാസവസ്തു. സുരക്ഷ മുൻനിർത്തി പ്രദേശത്തെ പന്ത്രണ്ടിലധികം സ്കൂളുകൾ അടച്ചിടുകയും സമീപപ്രദേശങ്ങളിലെ ഔട്ട്ഡോർ പ്രവർത്തനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് എപ്പോൾ സ്വന്തം വീടുകളിലേക്ക് മടങ്ങാനാകുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments