ലഖ്നൗ: ഉത്തർ പ്രദേശിലെ സരയൂ നദിയില്‍ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചുവലിച്ചുകൊണ്ടുപോയി.
ഗ്രേറ്റർ നോയിഡ സ്വദേശിയായ ദീപക് ശർമ (30) എന്ന യുവാവാണ് ക്രൂരമായ ഈ വന്യജീവി ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.ഭാര്യാമാതാവായ ഊർമിള ദേവിയുടെ അന്ത്യകർമ്മങ്ങളില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ദീപക്. നദിക്കരയില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനായി ചിതയൊരുക്കാൻ മറ്റ് ബന്ധുക്കള്‍ക്കൊപ്പം സജീവമായി സഹായിച്ച ശേഷം, കൈയും കാലും ശുദ്ധിയാക്കാനും കുളിക്കാനുമായി ദീപക് സരയൂ നദിയിലേക്ക് ഇറങ്ങുകയായിരുന്നു.
എന്നാല്‍ നദിയില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം, വെള്ളത്തിനടിയില്‍ ഒളിച്ചിരുന്ന കൂറ്റൻ മുതല പെട്ടെന്ന് പൊങ്ങിവരികയും ദീപക്കിന്റെ തലയില്‍ കടിച്ചുപിടിച്ച് ആഴങ്ങളിലേക്ക് വലിച്ച് താഴേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്ന് ഭീതിയോടെ ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. അപകടസാധ്യതയുള്ളതിനാല്‍ നദിയില്‍ ഇറങ്ങരുതെന്ന് കൂടെയുള്ളവർ ദീപക്കിന് കർശന നിർദ്ദേശം നല്‍കിയിരുന്നുവെങ്കിലും അത് വകവെയ്ക്കാതെ വെള്ളത്തിലേക്ക് ഇറങ്ങിയതാണ് വൻ ദുരന്തത്തില്‍ കലാശിച്ചത്.
ആക്രമണം കണ്ട് പരിഭ്രാന്തരായ ബന്ധുക്കളും ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ വള്ളക്കാരും ചേർന്ന് ഉടൻ തന്നെ ലഭ്യമായ ബോട്ടുകള്‍ ഉപയോഗിച്ച് നദിയില്‍ വൻതോതില്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.തുടർന്ന് വിവരമറിഞ്ഞ് പൊലീസും ജില്ലാ ഭരണകൂട അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് കുതിച്ചെത്തി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പ്രാദേശികമായ തെരച്ചില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതിനെ തുടർന്ന്, നദിയിലെ ശക്തമായ ഒഴുക്കും മുതലകളുടെ സാന്നിധ്യവും കണക്കിലെടുത്ത് വിശദമായ പരിശോധനയ്ക്കായി ലഖ്നൗവില്‍ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (SDRF) പ്രത്യേക വിദഗ്ധ സംഘത്തെ ജില്ലാ ദുരന്ത നിവാരണ വിഭാഗം അടിയന്തരമായി വിളിച്ചുവരുത്തിയിട്ടുണ്ട്.
അത്യാധുനിക സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനാംഗങ്ങള്‍ കൂടി തെരച്ചിലിന്റെ ഭാഗമാകുന്നതോടെ കാണാതായ യുവാവിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും പ്രദേശവാസികളും. സംഭവത്തെ തുടർന്ന് സരയൂ നദീതീരത്ത് വനംവകുപ്പും പൊലീസും ജാഗ്രതാ നിർദ്ദേശം കർശനമാക്കിയിട്ടുണ്ട്.

