Wednesday, May 20, 2026
HomeNewsസിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കി വിഡിഎസ് സർക്കാർ: പകരം അതിവേഗ ഇടനാഴി

സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കി വിഡിഎസ് സർക്കാർ: പകരം അതിവേഗ ഇടനാഴി

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന തിരുവനന്തപുരം-കാസർകോട് കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയെങ്കിലും കേരളത്തിന്റെ അതിവേഗ യാത്രാ സ്വപ്നങ്ങൾ അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രായോഗികമല്ലാത്തതിനാലാണ് സിൽവർ ലൈൻ പദ്ധതി വേണ്ടെന്നുവെച്ചതെന്നും വ്യക്തമായ ഒരു ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) പോലും ഇല്ലാത്ത കെ-റെയിൽ കേരളത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സബ് കമ്മിറ്റി കൃത്യമായി പഠിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ-റെയിൽ പദ്ധതി പൂർണ്ണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനർത്ഥം കേരളത്തിന് അതിവേഗ യാത്ര ആവശ്യമില്ല എന്നല്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

സംസ്ഥാനത്തെ അതിവേഗ യാത്രാ സൗകര്യങ്ങൾക്കായി പുതിയ പദ്ധതികൾ യുഡിഎഫ് സർക്കാർ ആലോചിക്കുമെന്നും ഇതിനായി വിശദമായ പഠനം നടത്തി പുതിയ പ്രൊപ്പോസൽ അവതരിപ്പിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. സിൽവർ ലൈനിന് ബദലായി മറ്റൊരു ‘സ്പീഡ് കൊറിഡോർ’ അഥവാ അതിവേഗ ഇടനാഴിയാണ് നിലവിൽ സർക്കാരിന്റെ പരിഗണനയിലുള്ളത്.

അതേസമയം, കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള എല്ലാ വിജ്ഞാപനങ്ങളും പുതിയ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വിവാദ മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും സമരക്കാർക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രഖ്യാപനത്തെ വലിയ ആഹ്ലാദത്തോടെയാണ് കെ-റെയിൽ വിരുദ്ധ സമരസമിതിയും ജനങ്ങളും വരവേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ് മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments