തിരുവനന്തപുരം: 2016-ൽ അധികാരത്തിൽ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരായി മാറി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് സംസ്ഥാനത്ത് തിരിച്ചുവരാൻ ഒരുങ്ങുന്നതോടെ രാജ്യത്ത് ഇടതുഭരണം നിലവിലുള്ള ഒരു സംസ്ഥാനം പോലുമില്ലാത്ത സാഹചര്യമായിരിക്കുന്നു.1977-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നിലവിൽ ഭരണത്തിലില്ല എന്നാണിതിനർത്ഥം.
1977 മുതൽ 2011 വരെ 34 വർഷത്തെ റെക്കോഡ് കാലയളവ് നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് സർക്കാർ പശ്ചിമ ബംഗാളിൽ ഉണ്ടായിരുന്നു. ഇത് മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് അവസാനിപ്പിച്ചു. 1993 മുതൽ 2018 വരെ ത്രിപുരയും ഇടതുപക്ഷം ഭരിച്ചിരുന്നു, ഇത് 2018-ൽ ബിജെപി തകർത്തു. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് സ്ഥിരമായ തകർച്ച നേരിടേണ്ടി വന്നിട്ടുണ്ട്.ഏറെക്കാലമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) അവസാന തട്ടകമായി കണക്കാക്കപ്പെടുന്ന കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) വൻ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. പത്തുവർഷത്തിനുശേഷം സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ഭരണത്തിന്റെ തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പുഫലം. കേരളത്തിൽ പരാജയപ്പെടുന്നതോടെ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഭരണവും ഇടതുപക്ഷത്തിന്റെ കയ്യിൽ അവശേഷിക്കില്ല.

