വാഷിംഗ്ടൺ : വൈറ്റ് ഹൗസ് കറസ്പോണ്ടൻ്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിൻ്റെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ വൈറ്റ് ഹൗസ് പുനഃപരിശോധിക്കുന്നു. രണ്ട് വർഷത്തിനിടെ ട്രംപിന് നേരെ നടക്കുന്ന മൂന്നാമത്തെ വധശ്രമമാണിത്. സുരക്ഷാ പ്രോട്ടോക്കോളുകൾ ചർച്ച ചെയ്യുന്നതിനായി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിൻ്റെ നേതൃത്വത്തിൽ ഈ ആഴ്ച പ്രത്യേക യോഗം ചേരുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.“ശനിയാഴ്ചത്തെ വധശ്രമം തടയാൻ സഹായിച്ച നടപടിക്രമങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. വരും മാസങ്ങളിൽ പ്രസിഡന്റ് ട്രംപിനായി നിശ്ചയിച്ചിട്ടുള്ള നിരവധി പ്രധാന പരിപാടികൾ സുരക്ഷിതമാക്കാൻ ആവശ്യമായ അധിക മാർഗങ്ങളും പരിശോധിക്കും,” എന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും സീക്രട്ട് സർവീസിൻ്റെ നടപടികളെ ന്യായീകരിച്ചു. സംശയസ്പദമായ വ്യക്തി ബാൾറൂമിൽ പ്രവേശിക്കുന്നത് തടയുന്നതിലും ട്രംപിനെയും മറ്റ് ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും അവർ “അവരുടെ ജോലി കൃത്യമായി ചെയ്തു” എന്ന് ലെവിറ്റ് പറഞ്ഞു.എങ്കിലും, സുരക്ഷാ നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
അക്രമികൾ പുതിയ മാറ്റങ്ങൾ മനസ്സിലാക്കി അതിനെ മറികടക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാൻ ഈ മാറ്റങ്ങൾ പരസ്യപ്പെടുത്തില്ല. പ്രസിഡൻ്റ് പങ്കെടുക്കുന്ന പരിപാടികൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ലെവിറ്റ് പറഞ്ഞു. എന്നാൽ ഇത്തരം അക്രമങ്ങൾ നമ്മുടെ “അമേരിക്കൻ ജീവിതരീതിയെ” മാറ്റാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.ലോകകപ്പ് ഫുട്ബോൾ, അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങൾ തുടങ്ങി നിരവധി വൻകിട പരിപാടികൾ വരാനിരിക്കെയാണ് ഈ സുരക്ഷാ വീഴ്ച.
“പ്രസിഡൻ്റ് പങ്കെടുക്കാൻ
സീക്രട്ട് സർവീസ് കമ്മ്യൂണിക്കേഷൻസ് ചീഫ് ആൻ്റണി ഗുഗ്ലിയേമി ഒരു പ്രസ്താവനയിൽ പറഞ്ഞു: “ചടങ്ങിലെ സുരക്ഷാ മാതൃക ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും, വരാനിരിക്കുന്ന പരിപാടികളിൽ എല്ലാ തലങ്ങളിലും സുരക്ഷാ വർദ്ധനവ് പ്രതീക്ഷിക്കാം എന്നതാണ് ഈ സംഭവത്തിൽ നിന്നുള്ള പ്രധാന പാഠം.”“മാറിക്കൊണ്ടിരിക്കുന്നതും നിലവിൽ വർദ്ധിച്ചുവരുന്നതുമായ ഭീഷണി സാഹചര്യങ്ങൾക്കിടയിൽ, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനും സാഹചര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനും ഞങ്ങൾ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
”സൂപ്പർ ബൗൾ അല്ലെങ്കിൽ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം തുടങ്ങിയ പരിപാടികളിൽ നിന്ന് വിഭിന്നമായി, കറസ്പോണ്ടൻ്റ്സ് ഡിന്നറിനെ ഔദ്യോഗികമായി ഒരു “നാഷണൽ സ്പെഷ്യൽ സെക്യൂരിറ്റി ഇവന്റ്” ആയി പ്രഖ്യാപിച്ചിരുന്നില്ല. അത്തരം പദവി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കർശനമായ സുരക്ഷാ നടപടികൾ അവിടെ ഏർപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസിഡൻ്റും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത വിരുന്നിലേക്കാണ് സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ച് തോക്കുധാരിയായ കോൾ ടോമസ് അല്ലൻ (31) എത്തിയത്. പ്രതിയെ കീഴടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരു ഫെഡറൽ ഏജന്റിന് പരുക്കേറ്റു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഏജൻ്റിൻ്റെ പരുക്ക് ഗുരുതരമല്ല.
ഡിന്നറിൽ പങ്കെടുത്ത അതിഥികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാത്തതും, മെറ്റൽ ഡിറ്റക്ടർ പരിശോധനകൾ കർശനമല്ലാതിരുന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.സുരക്ഷാ ഏജൻസികൾക്കെതിരെ വിമർശനം ഉയരുന്നുണ്ടെങ്കിലും, സീക്രട്ട് സർവീസിനെ ട്രംപ് പിന്തുണച്ചു. ഉദ്യോഗസ്ഥർ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. ഭീഷണികൾക്ക് വഴങ്ങി പൊതുപരിപാടികളിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.വരും മാസങ്ങളിലെ വലിയ പരിപാടികൾക്ക് ‘നാഷണൽ സ്പെഷ്യൽ സെക്യൂരിറ്റി’ പദവി നൽകി സുരക്ഷ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. സുരക്ഷാ പരിശോധനകളിൽ വരുത്തുന്ന മാറ്റങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. ഹോംലാൻഡ് സെക്യൂരിറ്റി, സീക്രട്ട് സർവീസ് വിഭാഗങ്ങൾ സംയുക്തമായി സുരക്ഷാ ഓഡിറ്റ് നടത്തും.

