Friday, April 24, 2026
HomeAmericaഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണക്കുന്നില്ല: നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾക്ക് പെന്റഗൺ

ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണക്കുന്നില്ല: നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾക്ക് പെന്റഗൺ

വാഷിങ്ടൺ : ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണക്കാത്ത നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾക്ക് പെന്റഗൺ ഒരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധസമയത്ത് സഹകരിക്കാത്ത രാജ്യങ്ങളെ ‘പാഠം പഠിപ്പിക്കാൻ’ ലക്ഷ്യമിട്ടുള്ള വിവിധ നിർദേശങ്ങൾ അടങ്ങിയ പെന്റഗണിന്റെ ആഭ്യന്തര ഇമെയിൽ സന്ദേശത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്.

സഖ്യരാജ്യമായ സ്പെയിനിനെ നാറ്റോയിൽ നിന്ന് സസ്പെൻഡ് ചെയ്യുക, ബ്രിട്ടന്റെ അധീനതയിലുള്ള ഫോക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള അവകാശവാദത്തിൽ യു.എസ് നിലപാട് പുനപരിശോധിക്കുക തുടങ്ങിയ വിവാദപരമായ നിർദേശങ്ങളാണ് ഇമെയിലിൽ അടങ്ങിയിട്ടുള്ളത്.

ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സ്പെയിൻ വിമർശിച്ചിരുന്നു. തുടർന്ന് ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നൽകിയിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അമേരിക്ക സ്പെയിനിന് നേരെ വാണിജ്യ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പിന്നീട് തങ്ങൾക്കൊപ്പം നിൽക്കാത്ത നാറ്റോ സഖ്യരാജ്യങ്ങളെ വിമർശിച്ച് കൊണ്ട് ട്രംപ് നിരവധി തവണ രംഗത്തു വന്നിരുന്നു.

സ്പെയിനിനെ കൂടാതെ യു.എസ് നീക്കങ്ങളോട് പൂർണ്ണമായി സഹകരിക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നിലപാടിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അർജന്റീന അവകാശമുന്നയിക്കുന്ന ഫോക്ക്‌ലാൻഡ് ദ്വീപിന്റെ കാര്യത്തിൽ ബ്രിട്ടന് നൽകിവരുന്ന പിന്തുണ പിൻവലിക്കുന്നത് അമേരിക്ക ആലോചിക്കുന്നുണ്ട്.ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ അടച്ചുപൂട്ടിയ ഹുർമുസ് കടലിടുക്ക് തുറക്കാൻ നാവികസേനയെ അയക്കാത്ത സഖ്യരാജ്യങ്ങൾക്കെതിരെ ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.”അമേരിക്കൻ സേന ചെയ്തുകൊടുത്ത സഹായങ്ങൾക്കൊന്നും പകരമായി സഖ്യരാജ്യങ്ങൾ ഞങ്ങളോടൊപ്പം നിന്നില്ല. സഖ്യകക്ഷികൾ വെറുമൊരു ‘പേപ്പർ ടൈഗർ’ ആയി മാറുന്നത് തടയാൻ പ്രസിഡന്റിന് മുന്നിൽ കൃത്യമായ ബദൽ മാർഗ്ഗങ്ങൾ സമർപ്പിക്കും.” – പെന്റഗൺ പ്രസ് സെക്രട്ടറി കിംഗ്‌സ്‌ലി വിൽസൺ പറഞ്ഞു.

അതേസമയം യു.എസ് പടക്കപ്പലുകൾക്കൊപ്പം ചേരുന്നത് നേരിട്ടുള്ള യുദ്ധ പ്രഖ്യാപനമാകുമെന്ന് ബ്രിട്ടനും ഫ്രാൻസും ഭയപ്പെടുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ സഹകരിക്കൂ എന്നാണ് ഇവരുടെ പക്ഷം. എന്നാൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇമെയിലുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നാറ്റോ സഖ്യത്തിന്റെ 76 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇറാൻ യുദ്ധം ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്ക സഖ്യം വിടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.നേരത്തേ ഇസ്രായേലിനെതിരെ നയതന്ത്ര യുദ്ധം നയിക്കുന്നുവെന്നാരോപിച്ച് ഗസ്സ വെടിനിർത്തൽ നിരീക്ഷണ സമിതിയിൽ നിന്ന് സ്പെയിനിനെ പുറത്താക്കിയിരുന്നു. ഇസ്രായേലുമായുള്ള മുഴുവന്‍ വാണിജ്യ കരാറുകളും യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമിതിയിൽ നിന്ന് സ്പെയിൻ പ്രതിനിധികളെ നീക്കം ചെയ്യാൻ ഉത്തരവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments