Wednesday, April 22, 2026
HomeAmericaഗ്രീൻ കാർഡുകൾ വീണ്ടും കുത്തിപ്പൊക്കുന്നു: പഴയ ഫയലുകളിൽ വീണ്ടും പരിശോധന

ഗ്രീൻ കാർഡുകൾ വീണ്ടും കുത്തിപ്പൊക്കുന്നു: പഴയ ഫയലുകളിൽ വീണ്ടും പരിശോധന

വാഷിംഗ്ടൺ : അമേരിക്കയിൽ ഗ്രീൻ കാർഡ് സ്വന്തമാക്കി സ്ഥിര താമസമാക്കിയവരിലും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരിലും വൻതോതിലുള്ള പരിശോധനയ്ക്ക് ഇമിഗ്രേഷൻ വിഭാഗം (യു.എസ്.സി.ഐ.എസ്) തുടക്കമിട്ടു. തട്ടിപ്പിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ ഗ്രീൻ കാർഡ് നേടിയവരെ കണ്ടെത്താൻ പഴയ ഫയലുകൾ വീണ്ടും പരിശോധിക്കുമെന്ന് യു.എസ്.സി.ഐ.എസ് ഡയറക്ടർ ജോസഫ് എഡ്‌ലോ വ്യക്തമാക്കി.

“അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ദൗത്യം. തീവ്ര നിലപാടുള്ള ആക്ടിവിസ്റ്റ് ജഡ്ജിമാരിൽ നിന്നുള്ള വെല്ലുവിളികൾക്കിടയിലും, ഈ രാജ്യത്തെ സംരക്ഷിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുന്നു. അമേരിക്കയെ സുരക്ഷിതമായി നിലനിർത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്—അത് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഞങ്ങൾ നടപ്പിലാക്കും.” ജോസഫ് എഡ്‌ലോ പറഞ്ഞു.

ഇമിഗ്രേഷൻ ചരിത്രത്തിൽ ആദ്യമായി യു.എസ്.സി.ഐ.എസിന് സ്വന്തമായി ‘സ്പെഷ്യൽ ഏജൻ്റുമാരെ’ നിയമിച്ചു. ഇവർക്ക് ആയുധം കൈവശം വെക്കാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ടാകും. ബൈഡൻ ഭരണകൂടത്തിൻ്റെ കാലയളവിൽ കൃത്യമായ പരിശോധനകളില്ലാതെ നൽകിയ ഗ്രീൻ കാർഡുകൾ വീണ്ടും പരിശോധിക്കും. ഇതിൽ തട്ടിപ്പ് കണ്ടെത്തിയാൽ ആനുകൂല്യങ്ങൾ റദ്ദാക്കി നാടുകടത്തൽ നടപടികൾ സ്വീകരിക്കും.

ഇമിഗ്രേഷൻ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകാൻ പ്രത്യേക ഫോൺ ലൈനുകൾ ആരംഭിക്കും. ചെറിയ വിവരങ്ങൾ പോലും ഗൗരവമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. അമേരിക്കൻ നികുതിപ്പണത്തെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ഗ്രീൻ കാർഡ് നൽകില്ലെന്ന് ഡയറക്ടർ ആവർത്തിച്ചു. സ്വന്തമായി ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് രാജ്യത്ത് തുടരാൻ അനുമതിയുണ്ടാകില്ല.

“തട്ടിപ്പ് നടത്തി ഗ്രീൻ കാർഡ് കിട്ടിയെന്ന് വിശ്വസിക്കുന്നവർ ജാഗ്രത പാലിക്കുക; ഞങ്ങൾ നിങ്ങളെ തേടി വരികയാണ്,”- ജോസഫ് എഡ്‌ലോ മുന്നറിയിപ്പ് നൽകി. ഗ്രീൻ കാർഡ് എന്നത് നിയമം പാലിക്കുന്നവർക്കുള്ളതാണെന്നും കുറ്റവാളികളെ കാത്തിരിക്കുന്നത് അറസ്റ്റും നാടുകടത്തലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments