Thursday, April 2, 2026
HomeNewsഎൽഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്: ക്ഷേമ പെൻഷൻ 3000, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ, കേരളത്തിൽ പഠിക്കുന്നവർക്ക് ജോലി...

എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്: ക്ഷേമ പെൻഷൻ 3000, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ, കേരളത്തിൽ പഠിക്കുന്നവർക്ക് ജോലി ഉറപ്പ്

കോഴിക്കോട് : ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വർഷം 60000 കുട്ടികൾക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു.

വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് 2 ലക്ഷം കോടി നിക്ഷേപം, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി – പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാൻ വൈവിധ്യവത്കരണം എന്നിവയും പത്രികയിലെ വാ​ഗ്ദാനങ്ങളാണ്. പൗരത്വ നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ നേറ്റിവിറ്റി കാർഡ് നൽകും. പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും. മാധ്യമ പ്രവർത്തക ക്ഷേമനിധി, പത്രപ്രവർത്തക പെൻഷൻ എന്നിവ കൂടുതൽ വിപുലവും ഫലപ്രദവുമാക്കും. ശബരിമല മാസ്റ്റർ പ്ലാൻ അഞ്ച് വർഷത്തിനകം പൂർത്തിയാക്കും. ഇടുക്കി, വയനാട്, കാസർകോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകൾ തുടരും. ഡിസൈൻഡ് സ്മാർട്ട് റോഡുകളും വാ​ഗ്ദാനത്തിലുൾപ്പെടുന്നു. കേരള ബാങ്ക് കേന്ദ്രസർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിന് പകരം പരമാവധി നാട്ടിലെ സംരംഭങ്ങൾക്ക് വായ്പ നൽകും.

തിരുവനന്തപുരം, കോഴിക്കോട് മെട്രോയും ഇടതുമുന്നണി ഉറപ്പുനൽകുന്നു. കെഎസ്ആർടിസിയിൽ ശമ്പള പെൻഷൻ പരിഷ്കരണവും നടപ്പാക്കും. വാട്ടർ മെട്രോ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. എല്ലാ റേഷൻ കടകളും കെ സ്റ്റോറുകളാക്കാനും പദ്ധതിയുണ്ട്. എല്ലാ വാർഡുകളിലും 30 മിനിറ്റ് ഫിറ്റ്നസ് സർക്കിളുകൾ എൽഡിഎഫ് വാ​ഗ്ദാനം ചെയ്യുന്നു. ഇതിനായി 30 മിനിറ്റ് വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ കളിസ്ഥലമോ പാർക്കോ ജിമ്മോ കൊണ്ടുവരും. 2031 ആകുമ്പോൾ പേ വിഷബാധ മരണങ്ങൾ പൂർണമായും ഇല്ലാതാക്കും. കേന്ദ്രം വീണ്ടും അവഗണന തുടർന്നാൽ അന്തർ ദേശീയ തലത്തിൽ എയിംസിനേക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി കൊണ്ടുവരുമെന്ന വമ്പൻ പ്രഖ്യാപനവും പ്രകടന പത്രികയിൽ ഉൾപ്പെടുന്നു. ഇത് ജനകീയ വിഭവ സമാഹരണത്തോടെയാകും സ്ഥാപിക്കുക.

ലൈഫ് മിഷൻ 2.0 – രാജ്യത്തെ ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമായി മാറും. കേരള ചിക്കൻ മാതൃകയിൽ ആട് ഗ്രാമം, പോത്ത് ഗ്രാമം, മുയൽ ഗ്രാമം എന്നിവ നടപ്പാക്കുമെന്നും എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു. പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളെ കൂട്ടിയിണക്കി സാങ്കേതിക ഇന്നൊവേഷൻ ഹബ്ബും ഇടനാഴിയും ഇടതുമുന്നണിയുടെ പദ്ധതിയിലുണ്ട്. 60 ഇന പരിപാടികൾക്കൊപ്പം 950 വാഗ്ദാനങ്ങളുടെ വിശദമായ പ്രകടന പത്രിയും എൽഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments