വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.‘‘ ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കും’’–ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
അതിനിടെ, ഹോർമുസ് കടലിടുക്കു തുറപ്പിക്കാതെതന്നെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നുവെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹോർമുസിൽ പിന്നീട് ആക്രമണമാവാമെന്നു പ്രസിഡന്റ് വിശ്വസ്തരോടു പറഞ്ഞതായാണ് റിപ്പോർട്ട്. യുദ്ധം ആറാഴ്ചയ്ക്കകം തീർക്കണമെന്നായിരുന്നു ട്രംപ് പദ്ധതി. ഇപ്പോൾ അഞ്ചാം ആഴ്ചയിലെത്തി.

