വാഷിങ്ടണ്‍ ഡിസി: ഇറാനെതിരെയുള്ള യുദ്ധത്തില്‍ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിക്കുകയും ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുഎസ് കൂടുതല്‍ സൈനിക വിന്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് സൈന്യത്തിന്റെ 82ാമത് എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള സൈനികരെയാണ് പശ്ചിമേഷ്യയില്‍ വിന്യസിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തന്നെ യുഎസ് കൂടുതല്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനകള്‍ക്കിടെയാണ് ട്രംപ് അപ്രതീക്ഷിതമായി ആക്രമണത്തിന് അഞ്ച് ദിവസത്തെ ഇടവേള നല്‍കിയതും ചര്‍ച്ചാ വിഷയങ്ങള്‍ മുന്നോട്ട് വെച്ചതും. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുന്ന കാര്യം പേരുവെളിപ്പെടുത്താത്ത യുഎസ് അധികൃതര്‍ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ സൈനിക കേന്ദ്രങ്ങളിലേക്കാണ് വിന്യാസമെന്നും എപ്പോഴാണ് ഇത് പൂര്‍ത്തിയാകുകയെന്നും ഇവര്‍ വെളിപ്പെടുത്തിയില്ല. 3000നും 4000നും ഇടയില്‍ സൈനികര്‍ കൂടുതലായി മേഖലയിലേക്ക് എത്തുമെന്നാണ് അനുമാനം.

