വാഷിങ്ടൺ: ഡീഗോ ഗാർഷ്യ ദ്വീപിലെ യു.എസ്- യു.കെ സൈനിക താവളത്തിന് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ മിസൈലുകളിൽ ഒന്ന് യാത്രമധ്യേ തകർന്നെന്നും മറ്റൊന്ന് യു.എസ് യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈൽ നശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ വൈറ്റ് ഹൗസും യു.എസിലെ ബ്രിട്ടീഷ് എംബസിയും പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഡീഗോ ഗാർഷ്യ. ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസിന്റെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമാണ് ഈ ദ്വീപ്. ഗൾഫ്, അഫ്ഗാൻ യുദ്ധകാലത്ത് ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് യുഎസ് പ്രവർത്തിച്ചത്. മാത്രമല്ല, പ്രധാന വ്യാപാര കടൽപ്പാത കൂടിയാണിത്.
അതേസമയം, ഇറാനിയൻ എണ്ണക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം താൽക്കാലികമായി നീക്കിയതായി യു.എസ് ട്രഷറി വെള്ളിയാഴ്ച അറിയിച്ചു. പശ്ചിമേഷ‍്യന്‍ സംഘർഷം മൂലമുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി പരിഹരിക്കാനുള്ള വാഷിങ്ടണിന്റെ ഏറ്റവും പുതിയ നീക്കമാണ് ഇത്. മാർച്ച് 20-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഇറാനിയൻ ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉത്പന്നങ്ങളും വിതരണം ചെയ്യാനും വിൽക്കാനും ഉത്തരവിൽ പറയുന്നു. ഏപ്രിൽ 19 വരെയാണ് കാലാവധി.
ലോകമെമ്പാടുമുള്ള ഊർജ ലഭ്യത വർധിപ്പിക്കുകയും വിപണിയിലെ അസ്ഥിരത കുറക്കുകയുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലക്ഷ്യമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും ഊർജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും എണ്ണവില കുതിച്ചുയരാൻ കാരണമായിരുന്നു.

