തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു അപസ്വരവും ഇല്ലാതെയാണ് യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ വി.ഡി. സതീശൻ പറഞ്ഞു.’ടീം യു.ഡി.എഫ് എന്നത് അക്ഷരാർഥത്തില്‍ അടിവരയിടുന്നതായിരുന്നു യു.ഡി.എഫിലെ സീറ്റ് വിഭജനം. കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായിട്ടാണെങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യു.ഡി.എഫ് മുന്നോട്ട് പോയത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരാന്‍ മൂന്നു ദിവസം എടുത്തെന്നതാണ് വാര്‍ത്ത. പണ്ടൊക്കെ എത്ര ദിവസമാണ് എടുത്തിരുന്നത്? സി.പി.എം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ ഇരുന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിന്റെ നടപടിക്രമം’ -വി.ഡി. സതീശൻ പറഞ്ഞു
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ മധുസൂദന്‍മിസ്ത്രി ചെയര്‍മാനായ സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്നില്‍ സ്ഥാനാർഥി പട്ടിക സമര്‍പ്പിക്കണം. അതിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാർജുര്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ആദ്യ ദിവസം തന്നെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ തയാറായിരുന്നെങ്കിലും മധുസൂദന്‍മിസ്ത്രിക്ക് ഡല്‍ഹിയില്‍ എത്താനാകാത്തതാണ് വൈകാൻ കാരണമായത്. ആരോഗ്യപ്രശ്‌നമായിരുന്നു കാരണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.

