Monday, March 2, 2026
HomeNewsമിഡിൽ ഈസ്റ്റ് സംഘർഷം: വ്യോമഗതാഗത മേഖലയിൽ വൻ പ്രതിസന്ധി

മിഡിൽ ഈസ്റ്റ് സംഘർഷം: വ്യോമഗതാഗത മേഖലയിൽ വൻ പ്രതിസന്ധി

അമേരിക്ക- ഇറാൻ സംഘർഷത്തെ തുടർന്ന് വ്യോമഗതാഗത മേഖലയിൽ വൻ പ്രതിസന്ധി തുടരുന്നു. ഇറാനും മിഡിൽ ഈസ്റ്റ് മേഖലയിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന വ്യോമപരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മാർച്ച് 1-ന് ആഭ്യന്തര എയർലൈൻസുകളുടെ 444 വിമാന സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) ഞായറാഴ്ച അറിയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നൽകിയ പോസ്റ്റിൽ, ശനിയാഴ്ച 410 വിമാന സർവീസുകൾ റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിമാന കമ്പനികളുമായി അടുത്ത സഹകരണത്തോടെ സുരക്ഷാ-ഓപ്പറേഷൻ ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതായും അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെട്ടു അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി സ്ഥിരീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പ്രധാന വിമാനത്താവളങ്ങളിൽ ഡൈവർഷൻ സാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക ജാഗ്രത തുടരുന്നുണ്ട്. “യാത്രക്കാരുടെ സഹായം, എയർലൈൻ സഹകരണം, ടെർമിനൽ തിരക്ക് നിയന്ത്രണം ഇതിനായി മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഇതുവരെ 50 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയെന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഞായറാഴ്ച അറിയിച്ചു.

മിഡിൽ ഈസ്റ്റ് വ്യോമപരിധി ഉപയോഗിക്കുന്ന ചില അന്താരാഷ്ട്ര സർവീസുകളുടെ താൽക്കാലിക നിർത്തിവെപ്പ് 2026 മാർച്ച് 2-ന് രാത്രി 11.59 വരെ നീട്ടിയതായി ഇൻഡിഗോയും അറിയിച്ചു. റോയിറ്റേഴ്സ് റിപ്പോർട്ട് പ്രകാരം, യുഎഇയുടെ വ്യോമപരിധി അടച്ചതിനെ തുടർന്ന് എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയവയുടെ സർവീസുകളെ ബാധിച്ചിട്ടുണ്ട്. എതിഹാദ് എയർവേയ്സ് അബുദാബിയിലേക്ക് ഉള്ള എല്ലാ സർവീസുകളും മാർച്ച് 2-ന് യുഎഇ സമയം പുലർച്ചെ 2 വരെ നിർത്തിവെച്ചതായി അറിയിച്ചു.

ദുബൈയിലെ പ്രധാന വിമാനത്താവളം അടച്ചതോടെ വ്യോമഗതാഗത മേഖലയിലുടനീളം പ്രതിസന്ധി വ്യാപിച്ചു. ബഹ്‌റൈൻ മുതൽ ടെൽ അവീവ് വരെ 2,300-ലധികം സർവീസുകൾ റദ്ദായതായി റിപ്പോർട്ടുകൾ പറയുന്നു. എയർ ഫ്രാൻസ്, ടർക്കിഷ് എയർലൈൻസ്, ലുഫ്താൻസ, നോർവീജിയൻ തുടങ്ങിയ നിരവധി അന്താരാഷ്ട്ര എയർലൈൻസുകൾ വ്യാപകമായ റദ്ദാക്കലുകൾ പ്രഖ്യാപിച്ചു.അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി സർവീസുകൾ റദ്ദാക്കി.

ചെന്നൈയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 18 സർവീസുകൾ റദ്ദായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് 26 സർവീസുകളും, കണ്ണൂരിൽ 6 സർവീസുകളും, കൊച്ചിയിൽ 35 സർവീസുകളും, കോഴിക്കോട് ഏകദേശം 10 സർവീസുകളും റദ്ദാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈത്ത്, സിറിയ, സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അവരുടെ വ്യോമപരിധി അടച്ചതായി റിപ്പോർട്ട്.ഇന്ത്യയിലെ വിദേശ പൗരന്മാർക്ക് വിസ കാലാവധി നീട്ടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ അടുത്തുള്ള വിദേശികൾക്കുള്ള പ്രാദേശിക രജിസ്ട്രേഷൻ ഓഫിസുമായി (FRRO) ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാന റദ്ദാക്കലുകൾ കാരണം ഇന്ത്യയിൽ എത്ര വിദേശ സഞ്ചാരികൾ കുടുങ്ങിയിരിക്കുകയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments