കണ്ണൂർ : കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മന്ത്രി ഡിസ്ചാർജ് ആയത്. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലാകും തുടർ ചികിത്സകൾ നടക്കുക.
നിലവിൽ രക്തസമ്മർദ്ദം സാധാരണ നിലയിലായതിനെത്തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതം കാരണം കടുത്ത വേദന തുടരുന്നതിനാൽ നിരീക്ഷണം അത്യാവശ്യമാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രി യാത്ര തിരിക്കുന്നത്. യാത്രയ്ക്കിടെ പത്തനംതിട്ടയിൽ തങ്ങിയ ശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് പോകുകയെന്നും വിവരമുണ്ട്.
അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‍യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർപിഎഫിന് അപേക്ഷ നൽകിയിട്ടുണ്ട്.

