Tuesday, February 24, 2026
HomeNewsസർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി: തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിന്‍റെ...

സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി: തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിന്‍റെ നോട്ടിസ്

തൃശൂർ : ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി, തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. ഇതിനുശേഷം ഒരുവർഷം മുൻപ് രോഗി മരിച്ചു. എന്നാൽ ഇതൊന്നും അറിയാതെ തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിന്‍റെ നോട്ടിസ്. പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിനു ഹാജരാകാൻ തൃശൂരുള്ളവർക്ക് നോട്ടിസ് നൽകിയത് രണ്ടുദിവസം മുൻപ്. പുറപ്പെടാനിരിക്കെ ഫോൺ വിളിച്ച് സിറ്റിങ് മാറ്റിയെന്ന അറിയിപ്പും. ഇതാണ് മന്ത്രി ഉൾപ്പെടെ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ആരോഗ്യരംഗത്തെ മാതൃകയിലൊന്ന്! തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2020 മേയിൽ വയറുവേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായ തൃശൂർ കൂർക്കാഞ്ചേരി സ്വദേശി ജോസഫ് പോൾ (53) എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ദയനീയ അവസ്ഥയാണ് മേൽ വിവരിച്ചത്. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരു രോഗിയുടെ ജീവനു ഭീഷണിയായ കുറ്റകരമായ അനാസ്ഥ കാട്ടിയവരെ സംരക്ഷിക്കുന്ന ആരോഗ്യരംഗത്തെ സിസ്റ്റം തകരാറാണ് ഇതിലൂടെ വ്യക്തമാകുന്നത്.

2020 ൽ വയറുവേദനയെ തുടർന്നാണ് ജോസഫ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയത്. ഡോ. പോളി ടി. ജോസഫ് ശസ്ത്രക്രിയയും നിർദേശിച്ചു. ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ആശുപത്രിയിലെത്തി പതിനായിരം രൂപ കൈക്കൂലിയും കൊടുത്തു. തുടർന്ന് മേയ് അഞ്ചിന് ആദ്യ ശസ്ത്രക്രിയ നടത്തി. ദിവസങ്ങൾക്ക് ശേഷം പരിശോധനയിൽ ശസ്ത്രക്രിയയിലെ അപാകത കണ്ടു. തുടർന്ന് മേയ് 12 ന് വീണ്ടും ശസ്ത്രക്രിയ നടത്തി. മേയ് 30 വരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഡിസ്ചാർജായി വീട്ടിൽ പോയ ശേഷം  വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ രണ്ടുതവണ എത്തി ശസ്ത്രക്രിയ നടത്തിയ ഡോ. പോളിയെ കണ്ടു. തുടർന്ന് സിടി സ്കാൻ ഡോക്ടർ പറഞ്ഞു. സിടി സ്കാൻ എടുത്ത് തുടങ്ങിതോടെ ആശുപത്രി അധികൃതരുടെ ഭാവത്തിൽ മാറ്റം വന്നു. സിടി സ്കാൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ശസ്ത്രക്രിയ നടത്താമെന്നും അഡ്മിറ്റാകണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് സംശയം തോന്നി പുറത്തെ ഒരു ക്ലിനിക്കിൽ പോയി എക്സ്റേ എടുത്തപ്പോഴാണ് വയറിൽ കത്രിക കുടുങ്ങിയത് വ്യക്തമായത്. അതിന്‍റെ അടിസ്ഥാനത്തിൽ ഇനിയും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ പന്തികേട് മനസിലാക്കിയ ജോസഫിന്‍റെ ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിലെത്തി സ്കാൻ ചെയ്തു. അപ്പോഴും കത്രികയുടെ സാന്നിധ്യം പ്രകടമായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് കത്രിക പുറത്തെടുത്തത്. 

അന്ന് മുതൽ ജോസഫ് നിത്യരോഗിയായി മാറി. തന്‍റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ പോലും കഴിയാതെയായി. തുടർന്ന് ജോസഫും ബന്ധുക്കളും പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. തുടർന്ന് ഡോക്ടറെയും ചില ജീവനക്കാരെയും പേരിന് സസ്പെൻഡ് ചെയ്തു, കേസും എടുത്തു. ശസ്ത്രക്രിയയിൽ തങ്ങളുടെ ഭാഗത്ത് നിന്നും പാളിച്ചയുണ്ടായെന്ന് മനസിലാക്കിയ ഡോക്ടർ ആദ്യം പണം കൊടുത്ത് രോഗിയെ വരുതിയിലാക്കാൻ ശ്രമിച്ചു. വഴങ്ങുന്നില്ലെന്നായപ്പോൾ ഭീഷണിയായി. തുടർന്ന് ജോസഫ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. 2022 ആഗസ്റ്റിൽ അനുകൂലവിധിയുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും വിധിച്ച നഷ്ടപരിഹാരതുക ഇതുവരെ ലഭിച്ചില്ലെന്ന് മാത്രം.  അതിനിടെ കേസുകൾ കോടതിയിൽ ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുകയാണ്. തനിക്ക് നീതി തേടി പല വാതിലുകളും മുട്ടി ഒടുവിൽ നീതി ലഭിക്കാതെ കഴിഞ്ഞവർഷം ജനുവരി 29 ന് ജോസഫ് മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments