തിരുവനന്തപുരം: ഭിന്നശേഷി സംവരണ നിയമനക്കുരുക്കിൽ അംഗീകാരം തടയപ്പെട്ട എയ്ഡഡ് സ്കൂളുകളിലെ ഇരുപതിനായിരത്തിലേറെ അധ്യാപകർക്ക് സ്ഥിരാംഗീകാരത്തിന് ഉത്തരവ്. ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ട് ബാക്കി നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന് എൻ.എസ്.എസ് മാനേജ്മെന്‍റിന് അനുകൂലമായി സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച വിധിയാണ് ഇതര മാനേജ്മെന്‍റുകൾക്കും ബാധകമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം വർഷങ്ങളായി തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്കെതിരെ കത്തോലിക്ക സഭ ഉൾപ്പെടെ രംഗത്തുവന്നതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കലുള്ള സർക്കാർ നടപടി. വിധി ഇതര മാനേജ്മെന്‍റുകൾക്ക് കൂടി ബാധകമാക്കാൻ സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഏപ്രിൽ 14നാണ് പരിഗണിക്കുക. ഇതിലെ അന്തിമ വിധിക്ക് വിധേയമായി നിയമനങ്ങൾക്ക് അംഗീകാരം നൽകാനാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എൻ.എസ്.എസ് മാനേജ്മെന്‍റിന് അനുകൂലമായി ലഭിച്ച വിധി അവർക്ക് മാത്രമാണ് ബാധകമെന്നും മറ്റുള്ളവർക്ക് നടപ്പാക്കാനാകില്ലെന്നും സർക്കാർ നേരത്തെ നിയമോപദേശം വാങ്ങിയിരുന്നു. ഈ വാദം ഉയർത്തിയാണ് ഒരു വർഷത്തോളമായി ആവശ്യം സർക്കാർ നിരാകരിച്ചത്. വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്കെതിരെ സമരവും വിമർശനവും കടുത്തതോടെയാണ് വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ തീരുമാനിച്ചത്.
സുപ്രീംകോടതിയിലുള്ള ഹരജിയിലെ വിധിക്ക് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റിവെച്ച മറ്റ് മാനേജ്‌മെന്റുകളുടെ കീഴിലെ സ്‌കൂളുകളിലും അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാറിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് മുതിർന്ന അഭിഭാഷകരിൽ നിന്ന് മറ്റൊരു നിയമോപദേശം വാങ്ങിയാണ് ഇപ്പോഴത്തെ നടപടി. താൽക്കാലിക അംഗീകാരത്തിലും ദിവസവേതനത്തിലുമായി തുടരുന്ന ഇരുപതിനായിരത്തിലേറെ അധ്യാപകർക്കാണ് ഇതുവഴി സ്ഥിരം അംഗീകാരത്തിന് വഴിതുറക്കുന്നത്.
നിയമനാംഗീകാരത്തിനുള്ള പ്രൊപോസലുകൾ മാർച്ച് നാലിനകം വിദ്യാഭ്യാസ ഓഫിസർമാർ പരിശോധിച്ച് തീർപ്പുകൽപിക്കണം. ഇതിൽ തീർപ്പാകാത്തവ വിദ്യാഭ്യാസ ഉപഡയറക്ടർ അദാലത്ത് നടത്തി മാർച്ച് 12നകം തീർപ്പാക്കണം. തുടർന്നും അവശേഷിക്കുന്നവ പൊതുവിദ്യാഭ്യാസ ഡയറക്ടർ അദാലത്ത് നടത്തി ഒരാഴ്ചക്കകം തീരുമാനമെടുക്കുകയും തുടർന്നും ശേഷിക്കുന്നവ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുകയും ഒരാഴ്ചക്കകം തീരുമാനമെടുക്കുകയും വേണം. നടപടികളുടെ പുരോഗതി റിപ്പോർട്ട് ആഴ്ചയിൽ ഒരു തവണ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിനെ അറിയിക്കണം. ഇതിനുള്ള മാർഗനിർദേശങ്ങൾ ഡയറക്ടർ പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു

