Wednesday, February 18, 2026
HomeGulfദുബായ് സർക്കാരിന്റെ മെഗാ സമൂഹവിവാഹം: 127 യുവതികൾക്ക് മംഗല്യഭാഗ്യം

ദുബായ് സർക്കാരിന്റെ മെഗാ സമൂഹവിവാഹം: 127 യുവതികൾക്ക് മംഗല്യഭാഗ്യം

ദുബായ് : കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും സാമൂഹിക ഐക്യത്തിനുമായി ദുബായ് സർക്കാർ സംഘടിപ്പിച്ച മെഗാ സമൂഹവിവാഹത്തിൽ 127 യുവതീയുവാക്കൾ മംഗല്യസൂത്രമണിഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഖ്യാതിഥിയായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ദുബായ് കസ്റ്റംസും സംയുക്തമായാണ് ഈ കൂട്ടവിവാഹം ഒരുക്കിയത്.

വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് വിവാഹിതരായത്. ജിഡിആർഎഫ്എയിൽ നിന്ന് 87 പേരും ദുബായ് കസ്റ്റംസിൽ നിന്ന് 34 പേരും പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷനിൽ നിന്ന് ആറുപേരും ഈ വിവാഹവേദിയിൽ ഒത്തുചേർന്നു. ദുബായ് സർക്കാർ പന്ത്രണ്ടാം തവണയാണ് ഇത്തരമൊരു സംരംഭം വിജയകരമായി പൂർത്തിയാക്കുന്നത്.

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ശിലയാണെന്നും യുവജനങ്ങൾക്ക് സാമ്പത്തിക ഭാരങ്ങളില്ലാതെ അഭിമാനത്തോടെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാൻ ഇത്തരം കൂട്ടവിവാഹങ്ങൾ വഴിതുറക്കുമെന്നും ഷെയ്ഖ് മൻസൂർ പറഞ്ഞു. യുഎഇയുടെ ‘സോഷ്യൽ അജണ്ട 33’, ‘ഇയർ ഓഫ് ദ് ഫാമിലി’ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ മാതൃകാപരമായ ചടങ്ങ് സംഘടിപ്പിച്ചത്. യുവാക്കളെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചിപ്പിച്ച് സന്തുലിതമായ ഒരു കുടുംബജീവിതത്തിലേക്ക് നയിക്കുക എന്നതാണ് യുഎഇയുടെ ദർശനമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. ഇത്തരം സംരംഭങ്ങൾ സമൂഹത്തിൽ ഉത്തരവാദിത്തബോധവും ഐക്യവും വളർത്തും.

സഈദ് ബിൻ അഹമ്മദ് ഖലീഫ അൽ മക്തൂം, ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസെനാദ് തുടങ്ങിയ പ്രമുഖരും നവവധൂവരന്മാരെ അനുഗ്രഹിക്കാൻ ചടങ്ങിലെത്തിയിരുന്നു. ‘ഇയർ ഓഫ് ദ് ഫാമിലി 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച ഈ വിവാഹത്തിന് യുഎഇ ഭരണനേതൃത്വം നൽകുന്ന പിന്തുണയ്ക്ക് പുതുതായി വിവാഹിതരായവർ നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments