വാഷിംഗ്ടൺ : യുഎസിലെ കൊളറാഡോയിൽ 30-ലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. ഏകദേശം 29 പേരെ വിവിധ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൊളറാഡോയിലെ പ്യൂബ്ലോയ്ക്ക് സമീപം അന്തർസംസ്ഥാന പാത 25-ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ആറ് സെമി ട്രക്കുകളും രണ്ട് ഡസനോളം പാസഞ്ചർ കാറുകളും ഉൾപ്പെടെ 30-ലധികം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അതിശക്തമായ കാറ്റിൽ മണ്ണ് പറന്ന് കാഴ്ചാപരിധി പാടെ കുറഞ്ഞതാണ് അപകടത്തിന് പ്രധാന കാരണമായത്. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിലുണ്ടായിരുന്ന 32 ആടുകളിൽ നാലെണ്ണം ചത്തതായും റിപ്പോർട്ടുണ്ട്.
അപകടത്തെത്തുടർന്ന് I-25 പാതയുടെ വടക്കോട്ടുള്ള വശങ്ങൾ മണിക്കൂറുകളോളം അടച്ചിട്ടു. സംഭവത്തെക്കുറിച്ച് കൊളറാഡോ സ്റ്റേറ്റ് പട്രോൾ അന്വേഷണം നടത്തിവരികയാണ്.

