Monday, February 16, 2026
HomeNewsആലിൻ ഷെറിൻ ഏബ്രഹാമിന്റെ മാതാപിതാക്കൾക്ക് സാന്ത്വനമേകി കമൽഹാസൻ

ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മാതാപിതാക്കൾക്ക് സാന്ത്വനമേകി കമൽഹാസൻ

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മാതാപിതാക്കൾക്ക് സാന്ത്വനമേകി കമൽഹാസൻ. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തിരുന്നു. മനസ്സുകൊണ്ടും ഹൃദയംകൊണ്ടും ആലിന്റെ മാതാപിതാക്കൾ സ്നേഹനിധികളാണെന്നും അവർക്ക് ജീവിതത്തിൽ സന്തോഷം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും കമൽഹാസൻ കുറിച്ചു.

കമൽഹാസന്റെ വാക്കുകൾ: ‘‘അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, നിങ്ങൾക്ക് പ്രണാമം. നമ്മുടെ കുഞ്ഞ്, ആലിൻ ഷെറിൻ എബ്രഹാം, മാസങ്ങളോളം അമ്മയുടെ ഉദരത്തിലും, ശേഷം പത്തുമാസം മാതാപിതാക്കളുടെ അതിരുകളില്ലാത്ത സ്നേഹം ഏറ്റുവാങ്ങിയും ജീവിച്ചു. ഇപ്പോൾ, അവൾ മറ്റ് അഞ്ച് കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ തുണയാവുകയാണ്. മനസ്സുകൊണ്ടും ഹൃദയംകൊണ്ടും നിങ്ങൾ സ്നേഹനിധികളായ മാതാപിതാക്കളാണ്, എക്കാലവും അങ്ങനെത്തന്നെയായിരിക്കും. ജീവിതത്തിൽ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കാൻ സാധിക്കട്ടെ. നിങ്ങളിരുവരും തീർച്ചയായും അത് അർഹിക്കുന്നുണ്ട്.’’

അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ.

6 മാസം പ്രായമുള്ള ധ്രിയയും 10 വയസ്സുള്ള ശ്രേയയുമാണ് അവയവങ്ങൾ സ്വീകരിച്ചത്. ധ്രിയയുടെ ശസ്ത്രക്രിയ കിംസ് ഹെൽത്തിലും ശ്രേയയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു നടന്നത്. ആലിനിന്റെ കരൾ ധ്രിയയും വൃക്കകൾ ശ്രേയയും സ്വീകരിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments