ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും വെള്ളത്തിനടിയിലൂടെയുള്ള റോഡ്-റെയിൽ തുരങ്കത്തിന്റെ നിർമാണത്തിനും മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലാണ് 18,662 കോടി രൂപ ചെലവിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ 15.79 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്-റെയിൽ തുരങ്കം നിർമിക്കുന്നത്.
ഏകദേശം 80 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും ഈ പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 12 ജില്ലകൾക്കായുള്ള മൂന്നു റെയിൽവേ പദ്ധതികൾക്കും സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി അംഗീകാരം നൽകി. 18,509 കോടി രൂപ ചെലവു വരുന്ന കസാറ- മൻമാഡ് 3-ഉം 4-ഉം പാത, ഡൽഹി – അംബാല 3-ഉം 4-ഉം പാത, ബെള്ളാരി – ഹൊസ് പേട്ട് 3-ഉം 4-ഉം പാതകൾക്കാണ് നിർമാണാനുമതി.

