വാഷിംഗ്ടൺ : ട്രംപ് ഭരണകൂടത്തിലെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചതായി യുഎസ് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ സ്ഥിരീകരിച്ചു.2012-ൽ തൻ്റെ ഭാര്യ, നാല് കുട്ടികൾ, നാനിമാർ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം എപ്സ്റ്റീൻ്റെ ലിറ്റിൽ സെൻ്റ് ജെയിംസ് ദ്വീപിൽ ഉച്ചഭക്ഷണത്തിനായി പോയിരുന്നുവെന്ന് ലുട്‌നിക് സമ്മതിച്ചു. ഏകദേശം ഒരു മണിക്കൂർ മാത്രമാണ് അവിടെ ചിലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
“ഒരു കുടുംബ അവധിക്കാല യാത്രയിൽ ബോട്ടിൽ പോകുമ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചിരുന്നു,” ചൊവ്വാഴ്ച ക്യാപിറ്റൽ ഹില്ലിൽ ലുട്നിക് സാക്ഷ്യപ്പെടുത്തി. “എന്റെ ഭാര്യ എന്നോടൊപ്പം ഉണ്ടായിരുന്നു, എന്റെ നാല് കുട്ടികളും നാനിമാരും … ഞങ്ങൾ ദ്വീപിൽ ഉച്ചഭക്ഷണം കഴിച്ചു. അത് ശരിയാണ്. ഒരു മണിക്കൂറോളം.”- അദ്ദേഹം വെളിപ്പെടുത്തി.
സന്ദർശനത്തെക്കുറിച്ചുള്ള കത്തിടപാടുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ എപ്സ്റ്റീൻ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2005-ൽ എപ്സ്റ്റീനുമായുള്ള എല്ലാ ബന്ധങ്ങളും താൻ അവസാനിപ്പിച്ചുവെന്നായിരുന്നു ലുട്‌നിക് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന പുതിയ രേഖകൾ ഈ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിമർശനങ്ങൾക്ക് കാരണമായത്.
എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ വ്യാപ്തി മറച്ചുവെച്ചുവെന്ന് ആരോപിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ലുട്‌നികിൻ്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, നിലവിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലുട്‌നികിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ലുട്‌നിക് ഭരണകൂടത്തിലെ പ്രധാനപ്പെട്ട അംഗമായി തുടരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

