ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വരുന്നത്. ഇന്ന് സഭ ചേർന്നപ്പോൾ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് ഇന്ത്യ സഖ്യം യോഗം ചേർന്ന് സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജ്ജു രംഗത്തെത്തി. കോൺഗ്രസ് എം.പിമാർക്ക് ലോക്സഭ നല്ല രീതിയിൽ നടത്തികൊണ്ട് പോകണമെന്ന് ആഗ്രഹമില്ലെന്നും ടേബിളിന്റെ മുകളിൽ കയറി സ്പീക്കറോട് മോശമായി പെരുമാറുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാവില്ലെന്നും റിജിജ്ജു പറഞ്ഞു.
ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ ഉൾപ്പടെ ചോദ്യങ്ങളുമായിട്ടാണ് ഇന്ന് പ്രതിപക്ഷസഭയിലെത്തിയത്. എന്നാൽ, സഭാനടപടികൾ ബഹളത്തിൽ മുങ്ങിയതോടെ താൽക്കാലികമായി സഭ നിർത്തിവെക്കുകയായിരുന്നു. 12 മണി വരെയാണ് ലോക്സഭ നിർതതിവെച്ചത്. രാജ്യസഭയും ഇന്ന് ബഹളത്തോടെയാണ് നടപടികൾ തുടങ്ങിയത്. നേരത്തെ സഭയിൽ സ്വീകരിക്കേണ്ട നയത്തെ കുറിച്ച് മലിക്കാർജുൻ ഖാർഗെയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയാണ് പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും എത്തിയത്.

