രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ചു. എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിലും ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് സഭാനടപടികൾ തടസ്സപ്പെട്ടത്. പ്രധാനമന്ത്രി സംസാരിക്കാനിരിക്കെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. ഇതിനിടെ പ്രതിപക്ഷത്തെ വനിതാ എംപിമാർ പ്രധാനമന്ത്രിയുടെ സീറ്റ് വളഞ്ഞ് പ്രതിഷേധിച്ചതിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങളാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും അമേരിക്കൻ കോടതിയിലെ കേസും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി, മോദിക്ക് ഭയമാണെന്നും അതുകൊണ്ടാണ് പാർലമെന്റിൽ വരാത്തതെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ കസേരയ്ക്ക് ചുറ്റും പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി എത്തിയതോടെ സഭ നിയന്ത്രിച്ചിരുന്ന കൃഷ്ണ പ്രസാദ് തെന്നേറ്റി സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.അതേസമയം, പ്രതിപക്ഷത്തിൻ്റെ നടപടികളെ ഭരണപക്ഷം ശക്തമായി അപലപിച്ചു. സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ പാർലമെൻ്റിൽ കടുത്ത പോരാട്ടം തുടരാനാണ് സാധ്യത. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇനി എന്നുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സഭാനടപടികൾ നാളെ രാവിലെ 11 മണിക്ക് വീണ്ടും പുനരാരംഭിക്കും.

