പൊന്നാനി : ബജറ്റിൽ കേരളത്തിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇ.ശ്രീധരൻ. ഇക്കാര്യത്തിൽ ആശയക്കുഴപ്പമോ ആശങ്കയോ ഇല്ല. ജനുവരി 16ന് ആണ് കേന്ദ്ര റെയിൽവേ മന്ത്രിയെക്കണ്ട് ചർച്ച നടത്തിയത്. അപ്പോഴേക്കും ബജറ്റ് തയാറായിക്കാണണം. അതു ബജറ്റിൽ വരേണ്ട കാര്യമില്ലെന്നു മന്ത്രി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. മന്ത്രി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നു. മന്ത്രി വിദേശത്തുനിന്ന് എത്തിയാലുടൻ ഫയൽ തയാറാകുമെന്നാണ് അറിയിച്ചത്. പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ ആവശ്യപ്പെടുന്നതു റെയിൽവേ മന്ത്രിയുടെ അധികാരമാണ്. തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അതു ചെയ്യണമെന്നാണു മന്ത്രി ആവശ്യപ്പെട്ടതെന്നു ശ്രീധരൻ പറഞ്ഞു.
മുൻപു രണ്ടു തവണ ഡിഎംആർസി ഈ പദ്ധതിയെക്കുറിച്ചു പഠിച്ചതിനാൽ കുറഞ്ഞസമയംകൊണ്ട് പഠനം പൂർത്തിയാക്കാൻ അവർക്കു കഴിയുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഡിഎംആർസി അധികൃതരോടു പദ്ധതി സംബന്ധിച്ചു സംസാരിച്ചിരുന്നു. കേന്ദ്ര ബജറ്റിൽ അതിവേഗ പാത പരാമർശിക്കാത്തതു പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിനെ ബാധിക്കില്ല. നിശ്ചയിച്ചപോലെ ഡിഎംആർസിയുടെ ഓഫിസ് ഇന്നു തുറക്കും.
ബജറ്റിൽ പ്രഖ്യാപിച്ചവ 350 കിലോമീറ്റർ വേഗത്തിലുള്ള അതിവേഗ പാതകളാണ്. അതു രണ്ടു സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്. അതും കേരളത്തിലെ പദ്ധതിയും തമ്മിൽ ബന്ധമില്ല. ഡിപിആർ ചുമതല ഡിഎംആർസിയെ ഏൽപിച്ചുള്ള കേന്ദ്ര ഉത്തരവ് വൈകാതെ ലഭിക്കും. അതുവരെ സമയം കളയാനില്ലാത്തതിനാലാണു ജോലി നേരത്തേ തുടങ്ങുന്നത്. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അനുകൂല സാഹചര്യത്തിൽ അതിവേഗ പാത പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണു പ്രാഥമിക ഘട്ടത്തിൽത്തന്നെ ബോധ്യപ്പെടുന്നതെന്നും ശ്രീധരൻ വ്യക്തമാക്കി.

