ന്യൂഡൽഹി: മയക്കുമരുന്ന് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഗൗരവമായ ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. സ്പാനിഷ് മാധ്യമപ്രവർത്തകൻ ഇഗ്നാസിയോ റാമോനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള കരാറുകളെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യാൻ വെനിസ്വേല ഒരുക്കമാണെന്നും, “എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും” ചർച്ചകൾക്ക് തയ്യാറാണെന്നും മഡുറോ പറഞ്ഞു. മാത്രമല്ല, മയക്കുമരുന്ന് കടത്തിന് പുറമെ എണ്ണ വ്യാപാരം , കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലും യുഎസുമായി ചർച്ചയ്ക്ക് മഡുറോ താല്പര്യം പ്രകടിപ്പിച്ചു. ഷെവ്‌റോൺ പോലുള്ള കമ്പനികൾ വഴി യുഎസ് നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
മഡുറോയെ ലോകത്തിലെ വലിയ മയക്കുമരുന്ന് കടത്തുകാരിൽ ഒരാളായിട്ടാണ് യുഎസ് പ്രസിഡൻ്റ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് 50 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.ഭീഷണികളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും തന്നെ കീഴ്പ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും, കൃത്യമായ വിവരങ്ങൾ വെച്ച് ചർച്ചകൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മഡുറോ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
വെനിസ്വേലൻ തീരത്തെ മയക്കുമരുന്ന് കടത്ത് ബോട്ടുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് മഡുറോയുടെ ഈ പ്രതികരണം. എന്നാൽ വെനിസ്വേലയിലെ തുറമുഖത്ത് യുഎസ് ആക്രമണം നടന്നുവെന്ന വാർത്ത സ്ഥിരീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

