Friday, December 5, 2025
HomeArticleഇന്ന് ശ്രീനാരായണ ഗുരു ജയന്തി

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

തിരുവനന്തപുരം: ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ചതയദിനത്തിൽ സംസ്ഥാനത്തെമ്പാടും ഗുരുജയന്തി ആഘോഷവും റാലികളും നടക്കും. കേരള നവോത്ഥാനത്തിന് തിലകക്കുറിയായി മാറിയ ഗുരുവിന്റെ ചിന്തകൾ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണാർത്ഥം ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ ഗുരുജയന്തി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വർക്കല ശിവഗിരിയിൽ നടക്കുന്ന തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൊല്ലവര്‍ഷം 1030-മാണ്ട് ചിങ്ങമാസം 14-ാം തീയതി ചതയനാളിലായിരുന്നു ഗുരുവിന്റെ ജനനം. ജാതീയതക്കെതിരെയും മതാന്തര സൗഹാർദത്തിനായുള്ള ദർശനമാണ് ശ്രീനാരായണ ഗുരു ലോകത്തിന് സമർപ്പിച്ചത്. കേരളത്തെ ലോകത്തിന് മുന്നിൽ മാതൃകാസ്ഥാനമാക്കിയത് ആ ദർശനങ്ങളാണ്. സാമൂഹിക സമത്വത്തിനും സൗഹാർദത്തിനും വേണ്ടിയുള്ള ഗുരുവിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ കേരളത്തിൽ ജാതിക്കും മതത്തിനും അതീതമായി സ്വീകാര്യനാക്കി. ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന അദ്ദേഹത്തിന്റെ തത്വചിന്ത കേരളീയ മനഃസാക്ഷിയിൽ ആഴത്തിൽ വേരോടി.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ ആ ചിന്തകൾ നൽകിയ സംഭാവന ചെറുതല്ല. എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ അദ്ദേഹം, ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യര്‍ക്ക് ഗുരുവിന്റെ ആദര്‍ശങ്ങള്‍ പുത്തനുണര്‍വ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments